തമിഴ്നാട് മുഖ്യമന്ത്രി **വിജയ്** നായകനാകുന്ന ജനനായകൻ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. ജനുവരി 9-ന് പൊങ്കൽ റിലീസായി തീരുമാനിച്ചിരുന്ന ചിത്രം, വിവിധ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങൾ നീങ്ങിയതോടെയാണ് ഇപ്പോൾ ജൂലൈ മാസത്തിൽ തിയേറ്ററുകളിലെത്താൻ വഴിയൊരുങ്ങിയത്.
ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ‘എ’ സർട്ടിഫിക്കറ്റ് ആണ് അനുവദിച്ചിരിക്കുന്നത്. സെൻസർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ചിത്രത്തിന്റെ ദൈർഘ്യം 183 മിനിറ്റ് അഥവാ 3 മണിക്കൂർ 3 മിനിറ്റാണ്.
ചിത്രത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ ലഭ്യമല്ലെങ്കിലും, കർശനമായ പരിശോധനകൾക്ക് ശേഷമാണ് പ്രദർശനാനുമതി ലഭിച്ചത്. 2025 ഡിസംബറിൽ ആയിരുന്നു ചിത്രം സെൻസറിങ്ങിനായി സമർപ്പിച്ചത്.
നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് ‘U/A 16+’ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലുകൾ. എന്നാൽ എക്സാമിനിങ് കമ്മിറ്റിയിലെ അംഗങ്ങൾ ചില രംഗങ്ങളിൽ എതിർപ്പുന്നയിച്ചതിനെ തുടർന്ന് വിഷയം റിവിഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
ഇതിനെത്തുടർന്നുണ്ടായ നിയമനടപടികളാണ് റിലീസ് വൈകാൻ കാരണമായതെന്ന് സെൻസർ ബോർഡ് അറിയിച്ചു. അതേസമയം, അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം നേടിയ ചരിത്രവിജയത്തിന്റെ പശ്ചാത്തലത്തിൽ, തിയേറ്ററുകളിൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
രാഷ്ട്രീയത്തിലെ കന്നിയങ്കത്തിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രി പദവിയിലേക്കെത്തിയ വിജയിന്റെ സിനിമ എന്ന നിലയിൽ ബോക്സ് ഓഫീസിൽ ചിത്രം പുതിയ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് സിനിമാ മേഖലയുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

