കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി വാർഷിക ലാഭം 500 കോടി രൂപ പിന്നിട്ടു. വിമാനത്താവള മേഖലയിലെ കൺസൽറ്റൻസി സേവനങ്ങൾ ഉൾപ്പെടെയുള്ള നൂതന വികസന പദ്ധതികൾ നടപ്പിലാക്കാൻ സിയാൽ ഒരുങ്ങുകയാണ്.
കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന സിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായത്.
കഴിഞ്ഞ സാമ്പത്തിക വർഷം 1220 കോടി രൂപയുടെ വരുമാനമാണ് സിയാൽ നേടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ അറ്റാദായം 499 കോടി രൂപയിൽ നിന്ന് 502 കോടി രൂപയായാണ് ഉയർന്നിട്ടുള്ളത്. ഓഹരി ഉടമകൾക്കായി 55 ശതമാനം ലാഭവിഹിതം നൽകാനും യോഗത്തിൽ തീരുമാനമായി.
സിയാലിന്റെ ചരിത്രത്തിൽ ഓഹരി ഉടമകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. കഴിഞ്ഞ വർഷം ഇത് 50 ശതമാനമായിരുന്നു.
വിമാനത്താവള നിർമ്മാണ മാസ്റ്റർ പ്ലാൻ, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, കൊമേഴ്സ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ മറ്റ് വിമാനത്താവളങ്ങൾക്ക് ആവശ്യമായ കൺസൽറ്റൻസി സേവനങ്ങൾ നൽകാൻ സിയാൽ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത് ആകെ 1.14 കോടി യാത്രക്കാരാണ്.
ഈ കാലയളവിൽ 73134 വിമാന സർവീസുകളും നടന്നു. സിയാൽ തുടർച്ചയായി നാലാം വർഷമാണ് ഒരു കോടിയിലധികം യാത്രക്കാരെ വിജയകരമായി കൈകാര്യം ചെയ്യുന്നത് എന്നത് മറ്റൊരു നേട്ടമാണ്.
ബോർഡ് യോഗത്തിൽ ചെയർമാനു പുറമേ, പുതിയ അംഗങ്ങളായ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, റോജി എം.
ജോൺ എന്നിവർ ഔദ്യോഗികമായി ചുമതലയേറ്റു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മറ്റ് ഡയറക്ടർമാരായ ഇ.കെ.
ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എം.എ. യൂസഫലി, എൻ.വി.
ജോർജ്, വർഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടർ എസ്. സുഹാസ് തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

