രാജ്യത്തെ തൊഴിലില്ലായ്മ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ആയിരം യുവതീ യുവാക്കളിൽ വെറും 12 പേർക്ക് മാത്രമാണ് സ്ഥിരമായ ഒരു ജോലി ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയ്ക്ക് അടിമകളാക്കി യുവജനങ്ങളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ നടന്ന ‘ഛാത്രോൻ കി ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ യഥാർത്ഥ ശക്തി 40 കോടി വരുന്ന ഊർജസ്വലരായ യുവജനങ്ങളാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പങ്കുവെച്ച കണക്കുകൾ ഇങ്ങനെ:
“ഞാൻ നിങ്ങൾക്ക് കണക്കുകൾ തരാം.
ഓരോ 1000 ചെറുപ്പക്കാരിലും വെറും 12 പേർക്കാണ് സ്ഥിരം ജോലി കിട്ടുന്നത്. 150 ചെറുപ്പക്കാരിൽ ഒരാൾക്ക് മാത്രമാണ് സർക്കാർ ജോലി കിട്ടുന്നത്.
നിങ്ങളുടെ ഡാറ്റയാകട്ടെ, നിങ്ങളിൽ നിന്ന് തട്ടിയെടുത്ത് ജിയോ, അദാനി, ഫേസ്ബുക്ക്, ഗൂഗിൾ പോലുള്ള വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറുന്നു.
നിങ്ങളൊരു കെണിയിൽ അകപ്പെട്ടിരിക്കുകയാണ്.”
യുവതലമുറ നേരിടുന്ന ഡിജിറ്റൽ അടിമത്തത്തെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“നിങ്ങളോട് ഇഷ്ടം പോലെ റീൽസ് കാണാനും വാട്സ്ആപ്പ് മെസേജ് അയയ്ക്കാനും ഇൻസ്റ്റഗ്രാമിൽ സമയം കളയാനും പറയും.
ഇതാണ് 21-ാം നൂറ്റാണ്ടിലെ ലഹരി. എന്നിട്ട് നിങ്ങളോട് ബ്ലിങ്കിറ്റിലോ ഊബറിലോ ജോലി ചെയ്യാനോ മറ്റ് കൂലിപ്പണികൾ ചെയ്യാനോ പറയും.
ഈ ലഹരിക്ക് അടിമപ്പെടാമെന്നല്ലാതെ, ഈ രാജ്യത്ത് നിങ്ങൾക്ക് ഒരു ജോലി കിട്ടില്ല.” തൊഴിലവസരങ്ങൾ നൽകുന്ന പ്രധാന മേഖലകളെല്ലാം രാജ്യത്ത് തകർക്കപ്പെട്ടുവെന്നും പൊതുമേഖലയെ പൂർണ്ണമായി സ്വകാര്യവൽക്കരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ലോകത്ത് എവിടെ നോക്കിയാലും ‘മെയ്ഡ് ഇൻ ചൈന’, ‘മെയ്ഡ് ഇൻ വിയറ്റ്നാം’, ‘മെയ്ഡ് ഇൻ ബംഗ്ലാദേശ്’ എന്നൊക്കെ കാണാം.
എന്നാൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് കാണാൻ സാധിക്കുന്നില്ല. നോട്ട് നിരോധനവും തെറ്റായ ജിഎസ്ടി നടപ്പാക്കലുമാണ് നമ്മുടെ നിർമ്മാണ മേഖലയെ തകർത്തത്.
തൊഴിൽ നൽകിയിരുന്ന ചെറുകിട വ്യവസായികളെയും തുകൽ, തുണി, ഓട്ടോമൊബൈൽ തുടങ്ങിയ പ്രധാന വ്യവസായങ്ങളെയും ഇത് ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

