ശുദ്ധവായുവും ശുദ്ധജലവും ജനങ്ങളുടെ മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് താമരശ്ശേരിയിൽ ജനങ്ങൾ നടത്തിയ രാപ്പകൽ സമരത്തിന് താൽക്കാലിക വിജയം. പി.കെ.ഫിറോസ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ താമരശ്ശേരി റസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ പ്ലാന്റ് പ്രവർത്തിപ്പിക്കില്ലെന്ന നിർണായക ധാരണയായത്.
തുടർന്ന് അനിശ്ചിതകാല ഉപരോധ സമരം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും, സമരസമിതിയുടെ നേതൃത്വത്തിലുള്ള മറ്റ് പ്രതിഷേധ പരിപാടികൾ തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി. കമ്പനിയിലേക്ക് യാതൊരു കാരണവശാലും മാലിന്യം എത്തിക്കാനോ പുറത്തേക്ക് കൊണ്ടുപോകാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്.
കൂടാതെ, പ്ലാന്റ് തികച്ചും യോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നുവന്നു. പി.കെ.ഫിറോസ് എംഎൽഎ, മുൻ എംഎൽഎ എം.കെ.മുനീർ, സി.കെ.കാസിം എംഎൽഎ, എം.എ.റസാഖ് എംഎൽഎ, താമരശ്ശേരി ഡിവൈഎസ്പി കെ.വി.ബോസ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജീന, സമര സമിതി നേതാക്കളായ ബാബു കുടുക്കിൽ, പുഷ്പൻ നന്ദൻ, കെ.കെ.മുജീബ്, ടി.കെ.ജിലാനി തുടങ്ങിയ പ്രമുഖർ ചർച്ചയിൽ സന്നിഹിതരായിരുന്നു.
ചർച്ചയിലെ തീരുമാനങ്ങൾ രാത്രിയോടെ സമരപ്പന്തലിൽ എത്തി നേതാക്കൾ വിശദീകരിച്ച ശേഷമാണ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉപരോധ സമരം പിൻവലിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റ് അടച്ചുപൂട്ടാൻ ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും, വ്യാഴാഴ്ച കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ജനങ്ങൾ പ്ലാന്റിന് സമീപം സമരപ്പന്തൽ കെട്ടി അനിശ്ചിതകാല ഉപരോധം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

