തെന്നിന്ത്യൻ സൂപ്പർതാരം യഷ് നായകനാകുകയും ഗീതു മോഹൻദാസ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ടോക്സിക് റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആക്ഷനും ഇമോഷനും വയലൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ താരം ഇരട്ട
വേഷത്തിലാകും എത്തുന്നത് എന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. വരുന്ന ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഇതിനിടയിൽ, കഴിഞ്ഞ ദിവസം നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിനിടയിൽ ഗീതു മോഹൻദാസ് യഷിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരിക്കുകയാണ്. പലരും തന്റെ കഴിവിനെ സംശയിച്ചപ്പോൾ തന്നിൽ വിശ്വാസമർപ്പിച്ച ഒരേയൊരാൾ യാഷ് ആണെന്നായിരുന്നു സംവിധായിക വ്യക്തമാക്കിയത്.
ഈ സിനിമയുടെ യാത്രയിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണെന്നും അവർ കൂട്ടിച്ചേർത്തു. “യഷിനെക്കുറിച്ച് എടുത്തുപറയണം.
ഈ സിനിമയുടെ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്. അയാളുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു.
ഈ സിനിമക്ക് ശേഷവും യഷിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. അത്രമാത്രം ഇന്‍ഫ്ളുവന്‍സ് യഷിനുണ്ട്.
ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോള്‍ എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം.
അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു.” – ഗീതു മോഹൻദാസ് വ്യക്തമാക്കി. അതേസമയം ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
കഥയും കഥാപാത്രങ്ങളും മുൻതൂക്കം നൽകുന്ന, ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി ‘റായ’യും കടന്നുവരുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിക്കുകയാണ്.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.
ചിത്രത്തിനായി സാങ്കേതികമായി മികച്ചൊരു അണിയറപ്രവർത്തകരുടെ നിരയാണ് അണിനിരന്നിട്ടുള്ളത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി.
അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരാണ് പ്രധാന സാങ്കേതിക പ്രവർത്തകർ. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ.
പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ.
നാരായണയും യഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖർ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

