നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്റർ ജോലി വാഗ്ദാനം ചെയ്ത് എൻജിനീയറിങ് ബിരുദധാരിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കരിന്തളം വേളൂർ കുന്നത്ത് ഹൗസിൽ കെ.ആതിരയുടെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നത്.
തൃക്കരിപ്പൂർ തലിച്ചാലത്തെ ബാബു തിരുവാരത്ത്, ഭാര്യ സജിത ബാബു എന്നിവർക്കെതിരെയാണ് പൊലീസ് കേസന്വേഷണം നടത്തുന്നത്. ഒട്ടേറെപ്പേർക്ക് ഔദ്യോഗിക പദവികൾ വാങ്ങിനൽകിയതായി ബന്ധു വഴി അറിഞ്ഞാണ് യുവതി ഇവർക്ക് അടുത്തേക്ക് എത്തുന്നത്.
2025 ജനുവരി മാസത്തിലായിരുന്നു തൃക്കരിപ്പൂർ തലിച്ചാലത്തുവച്ച് ആദ്യ കൂടിക്കാഴ്ച നടന്നത്. തുടർന്ന് സീറ്റ് ഉറപ്പിക്കുന്നതിന്റെ ഭാഗമായി 2025 ജനുവരി 11ന് 3.5 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ട
ബാങ്ക് അക്കൗണ്ടിലേക്ക് ആതിര അയച്ചുകൊടുത്തു. തുടർനടപടികൾക്കെന്ന പേരിൽ അന്ന് തന്നെ 6 ലക്ഷം രൂപ കൂടി കൈപ്പറ്റി.
തുടർന്ന് ജനുവരി 17ന് മധുരയിൽ വെച്ച് നടന്ന വൈദ്യപരിശോധനയുടെ പേരിൽ വീണ്ടും 6 ലക്ഷം രൂപ വാങ്ങി. തട്ടിപ്പിൽ വിശ്വാസ്യത വർധിപ്പിക്കാനായി റെയിൽവേ ഡിവിഷനൽ ഓഫിസർ എന്ന വ്യാജേന ഒരാളെയും പ്രതികൾ യുവതിക്ക് മുന്നിൽ എത്തിച്ചിരുന്നു.
വൈദ്യപരിശോധനയ്ക്കു ശേഷമുള്ള ഇന്റർവ്യൂ, പരിശീലനം എന്നിവയെക്കുറിച്ചൊക്കെ ഇയാൾ വിശദീകരിച്ചതോടെ യുവതിയുടെ സംശയങ്ങൾ അകന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം ട്രെയ്നിങ് ആവശ്യങ്ങൾക്കായി 40,000 രൂപ കൂടി സംഘത്തിന്റെ ആവശ്യപ്രകാരം യുവതി അയച്ചു നൽകി.
തുടർന്നുള്ള രണ്ടു മാസത്തിനിടയിൽ യുവതിയെ പൂർണ്ണമായി വിശ്വസിപ്പിക്കാനായി നിരവധി വ്യാജരേഖകളും സംഘം നൽകിയിരുന്നു. എന്നാൽ ട്രെയ്നിങ് സംബന്ധിച്ച് യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും ലഭിക്കാതായതോടെയാണ് യുവതിക്ക് കള്ളി വെളിച്ചത്തായത്.
റെയിൽവേയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നിയമന നടപടികളും നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുമ്പോഴേക്കും പ്രതികൾ 15.90 ലക്ഷം രൂപ തട്ടിയെടുത്തുകഴിഞ്ഞിരുന്നു. ഇതേതുടർന്നാണ് യുവതി നീലേശ്വരം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.
പ്രതികൾ സമാനമായ രീതിയിൽ മറ്റുള്ളവരേയും കബളിപ്പിച്ചിട്ടുണ്ടോ എന്ന കോണിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് നീലേശ്വരം സബ് ഇൻസ്പെക്ടർ സുമേഷ് ബാബു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

