പഞ്ചാബിലെ അമൃത്സറിൽ സാമൂഹ്യ പ്രവർത്തകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു എന്ന മധുസൂദൻ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ഈ കൊലപാതകം അരങ്ങേറിയത്.
സ്വന്തം വാഹനം കാർ വാഷിങ് കേന്ദ്രത്തിൽ ഏൽപ്പിച്ച ശേഷം റോഡരികിൽ നിൽക്കുകയായിരുന്ന സന്ധുവിന് നേരെ ബൈക്കിലെത്തിയ അക്രമികൾ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. കൃത്യം നടത്തിയ ഉടൻ തന്നെ അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും എൽ.ജി.ബി.ടി.ക്യു (LGBTQ) വിഷയങ്ങളിൽ നവമാധ്യമങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു സന്ധു.
മാസങ്ങൾക്ക് മുൻപ് സ്വവർഗ്ഗാനുരാഗം പഞ്ചാബി സംസ്കാരത്തിനും യുവതലമുറയ്ക്കും ദോഷകരമാണെന്ന് വാദിച്ച ഒരു യുവാവുമായി ഇദ്ദേഹം വലിയ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ സംഭവം അക്കാലത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
തങ്ങളുടെ നിലപാടുകളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ജീവൻ അവസാനിപ്പിക്കുമെന്ന് കാണിച്ച് അന്ന് ഒരു യുവാവ് നൽകിയ വധഭീഷണിയും പോലീസ് പരിശോധിക്കുന്നുണ്ട്. ഭീഷണി സന്ദേശങ്ങൾ ലഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ ദാരുണാന്ത്യം എന്നത് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.
പരസ്യമായി സ്വവർഗ അനുരാഗിയെന്ന് പ്രഖ്യാപിച്ചിട്ടുള്ള സന്ധുവിന് സമൂഹമാധ്യമങ്ങളിൽ നിശിതമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുൻനിർത്തി സമഗ്രമായ അന്വേഷണത്തിനായി പഞ്ചാബ് പോലീസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

