പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ പദവി ഏറ്റെടുക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വിവരങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുൻ പേസ് ബൗളർ ഷുഹൈബ് അക്തർ വ്യക്തമാക്കി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ ഔദ്യോഗിക ചുമതലകൾ ഒന്നും തന്നെ വഹിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
പിടിവി സ്പോർട്സിന്റെ ലൈവ് ഷോയിൽ സംസാരിക്കവെയാണ് ഷുഹൈബ് അക്തർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘പിസിബിയിൽ നിന്നും പാകിസ്ഥാൻ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന്’ അമ്മ തനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ആ ഉപദേശം താൻ അതേപടി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയുമായി താൻ കൂടിക്കാഴ്ച നടത്തി എന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകളും അദ്ദേഹം പൂർണ്ണമായി നിഷേധിച്ചു. പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഉന്നതി മാത്രമാണ് താൻ ആഗ്രഹിക്കുന്നത്.
എന്നാൽ ബോർഡിലെ ഔദ്യോഗിക പദവികൾക്കായി രംഗത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി അമേരിക്കയിലെ ഹൂസ്റ്റണിലാണ് അദ്ദേഹം ഉള്ളത്.
രാജ്യത്തിനായി 46 ടെസ്റ്റുകളും 163 ഏകദിനങ്ങളും 15 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് അക്തർ. പാക് ക്രിക്കറ്റിന് തന്റെതായ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനായി ബോർഡിൽ ചേരേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
‘പാകിസ്ഥാൻ ക്രിക്കറ്റിനെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ അതിന് മറ്റ് നിരവധി മാർഗ്ഗങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്.’ എന്ന് അദ്ദേഹം വ്യക്തമാക്കി. പാക് ക്രിക്കറ്റ് ബോർഡിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ചീഫ് സെലക്ടർ സ്ഥാനത്തേക്ക് അക്തറിന്റെ പേര് ഉയർന്നുകേട്ടത്.
എന്നാൽ ഈ പുതിയ വെളിപ്പെടുത്തലോടെ ആ പ്രചാരണങ്ങൾക്കെല്ലാം വിരാമമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

