കൊച്ചി: ലഹരിയുടെ സ്വാധീനത്തിൽ വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. മദ്യപിച്ചോ അല്ലാതെയോ ലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് അടിയന്തരമായി റദ്ദാക്കണമെന്ന് കോടതി വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പ് (MVD) ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയുടെ നിർദേശം. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാകുന്നതിന് കാത്തുനിൽക്കാതെ തന്നെ ലൈസൻസ് റദ്ദാക്കൽ നടപടികൾ ആരംഭിക്കാമെന്നും മോട്ടോർ വാഹന വകുപ്പിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, ലൈസൻസ് റദ്ദാക്കുന്നതിനുള്ള നിയമപരമായ അധികാരം അധികൃതർ വളരെ അപൂർവ്വമായി മാത്രമാണ് ഉപയോഗിക്കുന്നത് എന്നതിൽ കോടതി ആശങ്ക രേഖപ്പെടുത്തി. അപകടവുമായി ബന്ധപ്പെട്ട് പ്രഥമിക തെളിവുകൾ ലഭ്യമാകുന്ന പക്ഷം ലൈസൻസിങ് അതോറിറ്റി അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.
ലഹരിയിലുള്ള ഡ്രൈവിംഗ് മൂലം ആർക്കെങ്കിലും പരിക്കോ മരണമോ സംഭവിക്കുന്ന സാഹചര്യങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഗുരുതരമായ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

