പാക്കിസ്ഥാനിൽ നടക്കാനിരുന്ന ഇറാൻ – യുഎസ് സമാധാന ചർച്ച പൊളിഞ്ഞതോടെ നാളെ ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിപണികളുടെ ദിശ എന്താകുമെന്നതിൽ നിക്ഷേപകർ കടുത്ത ആശങ്കയിൽ. നേരിട്ടുള്ള ചർച്ചകൾക്ക് വിമുഖത പ്രകടിപ്പിച്ചെങ്കിലും ഫോണിലൂടെ അനുനയം തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്.
ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് തിരിച്ചടിയാണ്. പാക്കിസ്ഥാനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി യുഎസ് പ്രതിനിധികളുടെ വരവിന് മുമ്പ് തന്നെ മടങ്ങി.
ഇതോടെ യുഎസ് പ്രതിനിധികളുടെ യാത്രയും ട്രംപ് റദ്ദാക്കി.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും എണ്ണ വിതരണ ശൃംഖലയിലെ നിർണായക രാജ്യവും തമ്മിൽ രണ്ട് മാസമായി തുടരുന്ന സംഘർഷം രാജ്യാന്തര തലത്തിൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ തുടരുന്നു.
ഇനിയും കൂടിയേക്കും. ഓഹരി വിപണികൾ നഷ്ടത്തിലാണ്.
ഇത് ഇനിയും രൂക്ഷമാകും. പണപ്പെരുപ്പ ഭീഷണിയുമുണ്ട്.
ഇരുവിഭാഗവും ആക്രമണം പുനരാരംഭിക്കുമെന്ന ആശങ്കയും നിക്ഷേപകർക്കുണ്ട്.
നാവിക ഉപരോധം നീക്കാതെ ചർച്ചകൾക്ക് തയാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ട്രംപും പറയുന്നു.
‘ ഇറാനിൽ ആരാണ് ഭരണം നയിക്കുന്നതെന്ന് അവർക്ക് തന്നെ അറിയില്ല. നിലവിൽ എല്ലാ സാധ്യതകളും യുഎസിന് അനുകൂലമാണ്.
ഇനി ചർച്ചക്ക് തയാറാണെങ്കിൽ ഇറാന് ഫോണിൽ വിളിക്കാവുന്നതാണ്’ – എന്നും ട്രംപ് പറയുന്നു. സമാധാന ശ്രമങ്ങൾ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന സൂചന വിപണിക്ക് പ്രതീക്ഷയാണ്.
അതിനിടെ ലെബനനിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചെന്നും റിപ്പോർട്ടുകൾ.
വിപണി നഷ്ടത്തിൽ
കഴിഞ്ഞ ആഴ്ച വ്യാപാരം നടന്ന മൂന്നു ദിവസങ്ങളിലും വിപണി നഷ്ടത്തിലായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഐടി മേഖലയിലെ വിൽപന സമർദവുമാണ് വിപണിയെ ഇടിവിലേക്ക് നയിച്ചത്.
മൂന്നു ദിവസങ്ങൾക്കുള്ളിൽ നിക്ഷേപകർക്ക് നഷ്ടമായത് 7.17 ലക്ഷം കോടി രൂപയാണെന്നും കണക്ക്.
∙അവസാന വ്യാപാര ദിനത്തിൽ സെൻസെക്സ് 999.79 പോയിന്റ് നഷ്ടത്തിൽ 76,664.21 എന്ന നിലയിലെത്തി. നിഫ്റ്റി 275.10 പോയിന്റ് ഇടിവിൽ 23,897.95 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
ഇരുസൂചികകളും ഒരു ശതമാനത്തിന് മുകളിൽ നഷ്ടമുണ്ടാക്കി. കഴിഞ്ഞ ആഴ്ച ഇരുസൂചികകളും ഇടിഞ്ഞത് രണ്ട് ശതമാനം വീതം.
∙യുഎസ് – ഇറാൻ സമാധാന ചർച്ചകൾ നടക്കുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റി നിഫ്റ്റിയിലെ വ്യാപാരം നേട്ടത്തിലായിരുന്നു.
തിങ്കളാഴ്ച വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിക്കുമെന്നതിന്റെ സൂചനയായിരുന്നു ഇത്. എന്നാൽ ഇന്നലെയോടെ കാര്യങ്ങൾ മാറി.
സമാധാന ചർച്ചകൾ മുടങ്ങിയതോടെ വിപണി നഷ്ടത്തിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്.
∙ആഴ്ചയുടെ തുടക്കത്തിൽ വിപണി നേട്ടത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രാജ്യാന്തര സൂചനകൾ നെഗറ്റീവായിരുന്നു. ഇറാനും യുഎസും തർക്കം തുടരുന്നത്, ഹോർമുസിലെ തടസം, ഉയർന്ന ക്രൂഡ് വില, രാജ്യാന്തര കപ്പൽ നീക്കത്തിലെ പ്രതിസന്ധി എന്നിവ നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണമായി.
∙ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 105 ഡോളറിലേക്ക് ഉയർന്നതാണ് ഇന്ത്യൻ നിക്ഷേപകരെ കാര്യമായി ബാധിച്ചത്.
ഉയർന്ന എണ്ണവില ഇന്ത്യയുടെ ഇറക്കുമതി ചെലവും പണപ്പെരുപ്പവും വർധിപ്പിക്കും. കമ്പനികളുടെ ലാഭ ശതമാനത്തെയും നേരിട്ട് ബാധിക്കുന്ന കാര്യമാണിത്.
∙ഐടി കമ്പനികളുടെ വരുമാന വളർച്ച പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും വിപണിയെ നഷ്ടത്തിലാക്കി.
ഐടി ഓഹരികൾ വീണ്ടും ഇടിവിലേക്ക്
ഇടവേളയ്ക്ക് ശേഷം ഐടി ഓഹരികളിലുണ്ടായ കനത്ത ഇടിവാണ് വെള്ളിയാഴ്ച വിപണികളെ വലിയ നഷ്ടത്തിലാക്കിയത്.
ഇൻഫോസിസ് ഓഹരിയിൽ മാത്രം 7 ശതമാനമാണ് ഇടിവ്. ഇതോടെ ഓഹരിയുടെ മൂല്യം 5 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കു കൂപ്പുകുത്തി.
കമ്പനിയുടെ നടപ്പുസാമ്പത്തിക വർഷത്തെ പ്രതീക്ഷിത വളർച്ചാ ശതമാനം വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് നിക്ഷേപകർ കൂട്ടവിൽപന നടത്തിയതിന്റെ കാരണം. ബിഎസ്ഇ ഐടി സൂചിക 5.13% ഇടിഞ്ഞു.
ഐടി ഓഹരികളിൽ പുതിയ നിക്ഷേപങ്ങൾ നടത്തുന്നത് സൂക്ഷിച്ചു വേണമെന്നാണ് വിഗഗ്ധരുടെ ഉപദേശം.
ഇടിഞ്ഞിടിഞ്ഞ് രൂപ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ഇടിഞ്ഞു. 2022 സെപ്റ്റംബറിന് ശേഷം രൂപയ്ക്ക് ഇത്രയും നഷ്ടമുണ്ടായ ആഴ്ച വേറെയില്ല.
ആഴ്ചയിലെ അഞ്ച് ദിവസവും നഷ്ടം തുടർന്നു. 1.4 ശതമാനമാണ് ആഴ്ചയിലെ ഇടിവ്.
ഡോളറിനെതിരെ 94.25 നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയിൽ വില വർധിച്ചതും വിദേശനിക്ഷേപകർ ഓഹരി വിറ്റൊഴിക്കുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം.
ഇനിയെന്ത്
∙യുഎസ് – ഇറാൻ സംഘർഷം പുതിയ തലങ്ങളിലേക്ക് പോകുന്നതും ഹോർമുസിലെ തടസം തുടരുന്നതും അടുത്ത ദിവസങ്ങളിലും വിപണിയെ സ്വാധീനിക്കും.
∙ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം ദൃശ്യമാണെന്ന ആർബിഐ വിലയിരുത്തൽ കമ്പനികളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.
ഇന്ത്യൻ വിപണിയെ വിദേശ ബ്രോക്കറേജുകൾ ഡൗൺഗ്രേഡ് ചെയ്തതും പുതിയ വാരത്തിൽ ചർച്ചയാകും.
∙നടപ്പുസാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 6 ശതമാനമായിരിക്കുമെന്നാണ് മൂഡീസ് അടക്കമുള്ള റേറ്റിങ് ഏജൻസികളുടെ വിലയിരുത്തൽ.
∙യുഎസ് ഫെഡറൽ റിസർവ് പണനയ തീരുമാനവും രാജ്യാന്തര സാമ്പത്തിക മേഖലയെക്കുറിച്ച് ബാങ്കിനുള്ള അഭിപ്രായങ്ങളും നിക്ഷേപകരെ സ്വാധീനിക്കും.
∙കമ്പനികളുടെ നാലാം പദ ഫലങ്ങൾ പുറത്തുവരുന്നതും വിപണിക്ക് നിർണായകമാണ്. പശ്ചിമേഷ്യൻ യുദ്ധം കമ്പനികളുടെ പ്രവർത്തനത്തെ എങ്ങനെ ബാധിച്ചുവെന്നതിന്റെ ആദ്യ സൂചന ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.
∙ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര്യ വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പുവെക്കും.
ഇതുമായി ബന്ധപ്പെട്ട ഓഹരികൾ ശ്രദ്ധാകേന്ദ്രമാകും.
∙പേയ്ടിഎം പേയ്മെൻറ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കിയിട്ടുണ്ട്.
ഇതോടെ പേയ്ടിഎം ഓഹരികളും വിപണിയിൽ ശ്രദ്ധാകേന്ദ്രമാകും.
സ്വർണം
രാജ്യാന്തര വിപണിയിൽ സ്വർണം കഴിഞ്ഞ ആഴ്ച 2.5 ശതമാനം നഷ്ടമുണ്ടാക്കി. അവസാന വ്യാപാര ദിനം സമാധാന ചർച്ചകൾ നടക്കുമെന്ന പ്രതീക്ഷയിൽ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിലവിൽ ഔൺസിന് 4,708 ഡോളറിലാണ് സ്വർണം. പുതിയ സാഹചര്യത്തിൽ സ്വർണവില കുറയാനാണ് സാധ്യത.
കേരളത്തിൽ ഇന്നലെ വില മാറിയിരുന്നില്ല. ഗ്രാമിന് 14,120 രൂപയിലാണ് വിൽപന.
പുതുതായൊന്നും സംഭവിച്ചില്ലെങ്കിൽ വില ഇനിയും ഇടിയും.
ക്രൂഡ് ഓയിൽ
രണ്ട് ആഴ്ചത്തെ ഇടിവിന് ശേഷം ക്രൂഡ് ഓയിൽ നേട്ടമുണ്ടാക്കിയ ആഴ്ചയാണ് കടന്നു പോയത്. ഹോർമുസിൽ ഇറാൻ കപ്പലുകളെ യുഎസും മറ്റു കപ്പലുകളെ ഇറാനും തടഞ്ഞതോടെ ക്രൂഡ് വില ബാരലിന് വീണ്ടും 105 ഡോളറിന് മുകളിലെത്തി.
സമാധാന ചർച്ച മുടങ്ങിയ സാഹചര്യത്തിൽ ക്രൂഡ് വില വീണ്ടും കൂടുമെന്നാണ് വിലയിരുത്തൽ. ഹോർമുസ് തുറന്നാലും ഇതുവഴിയുള്ള ചരക്കുനീക്കവും മേഖലയിലെ ഉൽപാദനവും പുനസ്ഥാപിക്കാനും സമയമെടുക്കുമെന്നും വിദഗ്ധർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

