സ്വർണ വില ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് കൂടുതൽ ഇടിഞ്ഞു. ഇന്ന് കേരളത്തിൽ ഗ്രാമിന് വില 180 രൂപ താഴ്ന്ന് 11,465 രൂപയിലെത്തി.
1,440 രൂപ കുറഞ്ഞ് 91,720 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പവന് കുറഞ്ഞത് 2,600 രൂപയാണ്.
നവംബർ 13ന് വില 94,320 രൂപയായിരുന്നു.
18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 9,470 രൂപയായി. വെള്ളിക്ക് ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 170 രൂപയിലുമെത്തി.
അതേസമയം, കേരളത്തിൽ 18 കാരറ്റ് സ്വർണം, വെള്ളി എന്നിവയ്ക്ക് വ്യത്യസ്ത വിലയാണ് ഏറെ മാസങ്ങളായുള്ളത്. മറ്റൊരുവിഭാഗം ജ്വല്ലറികൾ ഇന്ന് 18 കാരറ്റിന് നിശ്ചയിച്ച വില 150 രൂപ കുറച്ച് ഗ്രാമിന് 9,430 രൂപയാണ്.
വെള്ളിക്ക് ഗ്രാമിന് 2 രൂപ കുറച്ച് 170 രൂപയും.
രാജ്യാന്തര വില കുറഞ്ഞതാണ് കേരളത്തിലും സ്വർണവില ഇടിയാൻ സഹായകമാകുന്നത്. കഴിഞ്ഞ ദിവസം ഔൺസിന് 4,210 ഡോളർ വരെ ഉയർന്ന വില ഇപ്പോഴുള്ളത് 4,080 ഡോളറിൽ.
രാജ്യാന്തര വില ഇടിയാൻ 2 പ്രധാന കാരണങ്ങളുണ്ട്.
ഒന്ന്, യുഎസിൽ ട്രംപ് ഗവൺമെന്റിന്റെ ഭരണസ്തംഭന പ്രതിസന്ധികൾ മായുന്നുവെന്ന് വ്യക്തമാക്കി ഷട്ട്ഡൗണിനുണ്ടായ പരിസമാപ്തി.
രണ്ട്, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങി.
ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധികളുണ്ടാകുന്ന ഘട്ടത്തിലാണ് സ്വർണവില പൊതുവേ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സ്വന്തമാക്കി കൂടാറുള്ളത്. നിലവിൽ പ്രതിസന്ധികൾ മായുന്നുവെന്ന വിലയിരുത്തൽമൂലം ആ പെരുമ നഷ്ടപ്പെട്ട് സ്വർണവില താഴ്ന്നിറങ്ങുകയാണ്.
പലിശനിരക്കിൽ മാറ്റമില്ലെങ്കിൽ ഡോളറും ബോണ്ടും ശക്തമായതലത്തിൽ തുടരും. അതായത്, നിക്ഷേപകർ അവയിലേക്ക് ചായും.
ഇതും സ്വർണത്തിന് തിരിച്ചടിയാണ്. ഡോളർ ശക്തമാകുന്നത് സ്വർണം വാങ്ങൽ ബുദ്ധിമുട്ടേറിയതാക്കും.
അതോടെ, ഡിമാൻഡ് താഴുമെന്നതും സ്വർണത്തിന് തിരിച്ചടിയാകും. ഈ സാഹചര്യങ്ങളാണ് നിലവിലെ വിലയിറക്കത്തിന് പിന്നിൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

