സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണക്കാല വിപണിയിൽ വലിയ മുന്നേറ്റം. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസങ്ങളിലെ ആകെ വിറ്റുവരവ് 433.81 കോടി രൂപയായി ഉയർന്നു.
മുൻവർഷം സമാന കാലയളവിൽ 385 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇത്തവണ 48 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓണം ഫെയറുകളിലും മറ്റ് വില്പനശാലകളിലും ഉപഭോക്താക്കളുടെ തിരക്ക് വർധിച്ചതാണ് ഈ നേട്ടത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസങ്ങളിലായിരുന്നു മുൻകാല വിറ്റുവരവ് കണക്കാക്കിയിരുന്നത്.
കണക്കുകൾ പ്രകാരം ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലൂടെയും 278.42 കോടി രൂപ സബ്സിഡിയിതര ഇനത്തിലൂടെയുമാണ് ലഭിച്ചത്. കഴിഞ്ഞവർഷത്തേക്കാൾ 35 ശതമാനം വിലക്കുറവിലാണ് ഇത്തവണ സബ്സിഡി വെളിച്ചെണ്ണ വിതരണം ചെയ്തത്.
ഈ 35 ദിവസത്തിനിടയിൽ ആകെ 53.86 ലക്ഷം പേരാണ് സപ്ലൈകോ ഔലെറ്റുകൾ വഴി സാധനങ്ങൾ വാങ്ങിയത്. ഏറ്റവും കൂടുതൽ വിറ്റുവരവ് രേഖപ്പെടുത്തിയത് ഉത്രാട
ദിനത്തിലാണ്; അന്നേദിവസം മാത്രം 27.85 കോടി രൂപയുടെ വ്യാപാരം നടന്നു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്നുള്ള ആകെ വിറ്റുവരവ് 5.33 കോടി രൂപയാണ്.
ഇതിൽ തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 94 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായി. മുൻവർഷം ജില്ലാ ഫെയറുകളിൽ നിന്നുള്ള ആകെ വിറ്റുവരവ് 4.82 കോടി രൂപയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

