തിരുവനന്തപുരം: രാജ്യാന്തര തലത്തിൽ നിർണായക സ്ഥാനമുറപ്പിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ നാഴികക്കല്ല് പിന്നിട്ടു. പ്രവർത്തനം തുടങ്ങി 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (Twenty-foot Equivalent Units) ചരക്ക് കൈകാര്യം ചെയ്തുകൊണ്ടാണ് തുറമുഖം ചരിത്രനേട്ടം കുറിച്ചത്.
ഏറ്റവും കുറഞ്ഞ കാലയളവിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ തുറമുഖമായി ഇതോടെ വിഴിഞ്ഞം മാറി. 2024 ഡിസംബറിലാണ് തുറമുഖം വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ചത്.
തുടർന്ന് 2025 മേയിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ട വിഴിഞ്ഞം, 2025 ഓഗസ്റ്റിൽ തന്നെ 10 ലക്ഷം ടിഇയു എന്ന നേട്ടം പിന്നിട്ടിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ആണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണവും നടത്തിപ്പും നിർവഹിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിലനിൽക്കെയാണ് തുറമുഖം ഈ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
പ്രവർത്തനം ആരംഭിച്ചതിന് ശേഷം 950-ലധികം കപ്പലുകളാണ് ഇവിടെ നങ്കൂരമിട്ടത്. ഇതിൽ 400 മീറ്റർ നീളമുള്ള 67 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ ഉൾപ്പെടുന്നുവെന്നത് ഇന്ത്യയിലെ തന്നെ റെക്കോർഡാണ്.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന, ഏറ്റവും കൂടുതൽ ഡ്രാഫ്റ്റുള്ള കപ്പലുകളിലൊന്നായ എം എസ് സി വേറോണ എന്നിവയുടെ സാന്നിധ്യം തുറമുഖത്തിന്റെ ശേഷി വ്യക്തമാക്കുന്നു. തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഇതിന്റെ വിജയത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
അന്താരാഷ്ട്ര ഷിപ്പിംഗ് പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 മീറ്റർ പ്രകൃതിദത്ത ആഴമുള്ളതിനാൽ വലിയ കപ്പലുകൾക്ക് ഡ്രഡ്ജിംഗ് ആവശ്യമില്ലാതെ തന്നെ തുറമുഖത്ത് എത്താൻ സാധിക്കുന്നു.
ഇത് പ്രവർത്തനച്ചെലവും സമയവും ഗണ്യമായി കുറയ്ക്കുന്നു. നിലവിൽ 16,000 കോടി രൂപയുടെ നിക്ഷേപത്തോടെയുള്ള രണ്ടാം ഘട്ട
വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2028-ഓടെ ഇത് പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി വർധിക്കുകയും, പൂർണതോതിലുള്ള എക്സ്പോർട്ട്-ഇംപോർട്ട് പ്രവർത്തനങ്ങൾക്ക് വഴിതുറക്കുകയും ചെയ്യും.
വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെന്റ് രീതിയിൽ മാറ്റം വരുത്താൻ ഈ വികസനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

