പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തെ ഖാസിം പോർട്ട് ഊർജ പദ്ധതിയിൽനിന്ന് പിന്മാറാൻ തീരുമാനിച്ച് ഖത്തർ ആസ്ഥാനമായ പ്രമുഖ നിക്ഷേപ സ്ഥാപനമായ അൽ-താനി ഗ്രൂപ്പ്. ചൈനയും പാക്കിസ്ഥാനും ചേർന്ന് രൂപംനൽകിയ, പാക്കിസ്ഥാന്റെ സ്വപ്ന പദ്ധതിയായ ‘ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ’ (സിപിഇസി) ഭാഗമാണ് പോർട്ട് ഖാസിം പവർ പ്ലാന്റ്.
നിലവിൽതന്നെ ഉദ്ദേശിച്ച പണംകണ്ടെത്താൻ പാക്കിസ്ഥാന് കഴിയാത്തതിനാലും ചൈനയുടെ താൽപര്യം കുറഞ്ഞതിനാലും തുലാസിലാണ് സിപിഇസി.
പാക്കിസ്ഥാന്റെ സാമ്പത്തിക തലവരതന്നെ തിരുത്തുമെന്ന് കരുതിയ പദ്ധതിയിൽനിന്നാണ് ഇപ്പോൾ ഖത്തർ കമ്പനിയുടെയും പിന്മാറ്റം.
ഖത്തർ രാജകുടുംബവുമായി ബന്ധപ്പെട്ട കമ്പനിയാണിത്.
പോർട്ട് ഖാസിം പങ്കാളിത്ത പദ്ധതിയിൽ ചട്ടപ്രകാരം നിശ്ചിത തുക പാക്കിസ്ഥാനും നിക്ഷേപിക്കണം. ഇതു കണ്ടെത്താൻ പാക്ക് സർക്കാർ തുടർച്ചയായി പരാജയപ്പെട്ട
സാഹചര്യത്തിലാണ് പിന്മാറാനുള്ള അൽ-താനി ഗ്രൂപ്പിന്റെ നീക്കം.
1,320 മെഗാവാട്ടിന്റെ കൽക്കരി അധിഷ്ഠിത ഊർജോൽപാദന പദ്ധതിയാണിത്. മൊത്തം 209 കോടി ഡോളർ മൂല്യമുള്ള പദ്ധതിയിൽ 49% ഓഹരി പങ്കാളിത്തമാണ് അൽ-താനി ഗ്രൂപ്പിനുള്ളത്.
പദ്ധതിയിൽ 100 കോടി ഡോളർ ഗ്രൂപ്പ് ഇതിനകം മുടക്കിക്കഴിഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാക്ക് സർക്കാരിന് നിക്ഷേപം ഉറപ്പാക്കാൻ കഴിഞ്ഞില്ല.
ഇതോടെ പദ്ധതി ഏറക്കുറെ നിർജീവവുമായി. ഈ സാഹചര്യത്തിലാണ് ഓഹരി പങ്കാളിത്തം വിറ്റൊഴിയാനുള്ള സന്നദ്ധത അൽ-താനി ഗ്രൂപ്പ് അറിയിച്ചത്.
പാക്കിസ്ഥാനിലെ സാഹചര്യങ്ങൾ വഷളായതോടെ സമീപകാലത്ത് മൈക്രോസോഫ്റ്റ്, ഷെൽ, ടോട്ടൽ എനർജീസ്, ടെലിനോർ, ഫൈസർ, പ്രോക്ടർ ആൻഡ് ഗാംബ്ലർ (പി ആൻഡ് ജി), എലൈ ലില്ലി, യൂബർ തുടങ്ങിയ വിദേശ കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ച് രാജ്യം വിട്ടിരുന്നു.
കടത്തിൽമുങ്ങിയ സർക്കാർ, സാമ്പത്തിക അച്ചടക്കമില്ലായ്മ, ഒട്ടും സൗഹൃദമല്ലാത്ത നിയമങ്ങളും നയങ്ങളും, രാഷ്ട്രീയ അസ്ഥിരത, അയൽരാജ്യങ്ങളുമായുള്ള സംഘർഷം, മോശം അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയും പാക്കിസ്ഥാനിൽനിന്ന് മടങ്ങാൻ വിദേശ കമ്പനികളെ പ്രേരിപ്പിക്കുകയാണ്.
പോർട്ട് ഖാസിം ഊർജ പദ്ധതിക്ക് നൽകാനുള്ള 45 കോടി ഡോളർ ഉടൻ വീട്ടണമെന്ന് ഖത്തർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ താനി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് കഴിഞ്ഞവർഷം നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം വീട്ടാൻ പാക്കിസ്ഥാന് കഴിഞ്ഞില്ല.
ദോഹ ആസ്ഥാനമായ അൽ-മിർഖബ് ക്യാപിറ്റലാണ് ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ താനി കുടുംബത്തിന്റെ വിദേശ നിക്ഷേപ പദ്ധതികൾ കൈകാര്യം ചെയ്യുന്നത്.
പണം വീട്ടാൻ പാക്കിസ്ഥാൻ തുടർച്ചയായി വീഴ്ച വരുത്തിയതോടെ ഊർജ പദ്ധതിയിൽനിന്ന് പിന്മാറാനുള്ള തീരുമാനം അൽ-മിർഖബ് ക്യാപിറ്റൽ പാക്ക് സർക്കാരിനെ അറിയിക്കുകയായിരുന്നു. വിദേശ കമ്പനികൾ കൂട്ടത്തോടെ കളംവിടുന്നത് പാക്കിസ്ഥാന് വൻ നാണക്കേടുമായിട്ടുണ്ട്.
സിപിഇസിക്കായി പണം മുടക്കിയ ചൈനീസ് കമ്പനികളും അമർഷത്തിലാണ്.
അവയും നിക്ഷേപം തിരികെ കിട്ടണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ പദ്ധതിക്കും ചട്ടപ്രകാരം നടത്തേണ്ട
നിക്ഷേപം കണ്ടെത്താൻ പാക്ക് സർക്കാരിന് കഴിഞ്ഞിട്ടില്ല. വിദേശ കമ്പനികൾ കൂട്ടത്തോടെ കൂടൊഴിയുന്നത് പാക്കിസ്ഥാന്റെ വിദേശ നാണയ ശേഖരം (ഫോറെക്സ് റിസർവ്) കുത്തനെ ഇടിയാൻ വഴിയൊരുക്കിയിട്ടുണ്ട്.
ഒക്ടോബറിലെ കണക്കുപ്രകാരം പാക്കിസ്ഥാന്റെ കൈയിൽ വെറും 1,450 കോടി ഡോളറിന്റെ വിദേശ നാണയശേഖരമേയുള്ളൂ.
ഈ പണംകൊണ്ട് രാജ്യത്തിന്റെ 3 മാസത്തെ ഇറക്കുമതി ആവശ്യമേ നിറവേറ്റാനാകൂ. ഇന്ത്യയുടെ വിദേശ നാണയശേഖരം 69,000 കോടി ഡോളറാണ്.
ഒരുവർഷത്തിനുമേലുള്ള ഇറക്കുമതി ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയ്ക്കിതുവച്ച് കഴിയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

