കൽപാത്തി ∙ അഗ്രഹാരങ്ങളും ഭക്തരും സാക്ഷി. കൽപാത്തിയിൽ രഥോത്സവത്തിനു കൊടിയേറ്റി. ആചാരാനുഷ്ഠാനങ്ങളോടെ ഇന്നലെ പകൽ 10.30നും 12.10നും ഇടയ്ക്കായിരുന്നു കൊടിയേറ്റം. 12ന് അഞ്ചാം തിരുനാൾ രഥസംഗമം നടക്കും.
14നു കൽപാത്തി ശിവക്ഷേത്രത്തിൽ രഥാരോഹണത്തോടെ ഒന്നാം തേരുത്സവത്തിനു തുടക്കമാകും. രഥാരോഹണത്തിനു ശേഷം ദേവരഥങ്ങളുടെ ഗ്രാമപ്രദക്ഷിണവും ആരംഭിക്കും.
15നു രണ്ടാം തേരുത്സവ ദിനത്തിലാണു പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥാരോഹണം.
മൂന്നാംതേരുത്സവ ദിനമായ 16ന് ആണ് പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കുക. അന്നു ത്രിസന്ധ്യയ്ക്കു തേരുമുട്ടിയിൽ ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ ദേവരഥസംഗമമാകും.
വിശാലാക്ഷി സമേതവിശ്വനാഥ സ്വാമി ക്ഷേത്രം
കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ രാവിലെ ഏകാദശ രുദ്രജപം, അഭിഷേക, അലങ്കാരപൂജകൾ, വേദപാരായണം ചടങ്ങുകൾക്കു ശേഷം മേൽശാന്തി പ്രഭുദേവ സേനാപതി, വിജയ് വിശ്വനാഥ് ശിവാചാര്യർ, കാർത്തിക് ശിവാചാര്യർ, ജ്ഞാനവേൽ അരുണാദി ശിവാചാര്യർ എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം.
മാനേജിങ് ട്രസ്റ്റി വി.കെ.സുജിത്കുമാർ വർമ നേതൃത്വം നൽകി.
മന്ദക്കര മഹാഗണപതി ക്ഷേത്രം
പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ വേദപാരായണം, രുദ്രാഭിഷേകം ചടങ്ങുകൾക്കു ശേഷം മന്ദക്കര ഗണപതി പല്ലക്കിലേറി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെത്തി വണങ്ങിയ ശേഷം തിരിച്ചെഴുന്നള്ളി. തുടർന്നായിരുന്നു കൊടിയേറ്റം.
മുഖ്യപുരോഹിതൻ രാംകുമാർ ശിവാചാര്യർ, ക്ഷേത്രം പുരോഹിതൻ കെ.വി.വെങ്കടേശ്വരൻ എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.എസ്.കൃഷ്ണ, സെക്രട്ടറി ടി.വി.ഗണപതി, ട്രഷറർ എ.വി.രമണൻ എന്നിവർ നേതൃത്വം നൽകി.
ലക്ഷ്മി നാരായണപെരുമാൾ ക്ഷേത്രം
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ രാവിലെ കളഭാഭിഷേകം, വേദപാരായണം ചടങ്ങുകൾക്കു ശേഷമായിരുന്നു കൊടിയേറ്റം.
മുഖ്യപുരോഹിതൻ രാമമൂർത്തി ഭട്ടാചാര്യർ, കുമരപുരം രാമഗോവിന്ദ ഭട്ടാചാര്യർ, നാരായണസ്വാമി ഭട്ടാചാര്യർ, രാമഗോവിന്ദ ഭട്ടാചാര്യർ –ജൂനിയർ, ഗ്രാമപുരോഹിതൻ ബാലു വാധ്യാർ, ശിവകുമാർ വാധ്യാർ, ഗിരീഷ് വാധ്യാർ, ശങ്കർ വാധ്യാർ എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി.എസ്.മഹേഷ്കൃഷ്ണൻ, ട്രസ്റ്റിമാരായ സി.വി.ശ്രീകൃഷ്ണൻ, സി.കെ.ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് അർച്ചാവതാരം അലങ്കാരവും നടന്നു.
പ്രസന്ന മഹാഗണപതി ക്ഷേത്രം
ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ രുദ്രാഭിഷേകം, മൂഷിക ഉപചാര പൂജ, അഗ്നി പ്രതിഷ്ഠ, കലശസ്ഥാപനം, ചതുർവേദപാരായണം ചടങ്ങുകൾക്കു ശേഷമായിരുന്നു കൊടിയേറ്റം.
മുഖ്യപൂജാരി ശ്രീകാന്ത് ഭട്ടാചാര്യർ കാർമികത്വം വഹിച്ചു. സമൂഹം പ്രസിഡന്റ് സി.ആർ.പരമേശ്വരൻ, സെക്രട്ടറി സി.വി.മുരളി രാമനാഥൻ, ട്രഷറർ എ.ആർ.വാസുദേവൻ, കാര്യക്കാർ, കുടുംബക്കാർ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

