ലാറ്റിനമേരിക്കൻ രാജ്യമായ പാരഗ്വായിൽ പ്രമുഖ ഡിജിറ്റൽ ബാങ്ക് തകർന്നടിഞ്ഞതിനെ തുടർന്ന് മുപ്പത് ലക്ഷം വരുന്ന ഇടപാടുകാരുടെ നിക്ഷേപവും സമ്പാദ്യവും പൂർണ്ണമായും നഷ്ടപ്പെട്ടു. ആകെ 65 ലക്ഷം ജനസംഖ്യയുള്ള രാജ്യത്താണ് ഈ വലിയ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.
ബാങ്കിന്റെ തകർച്ചയെ തുടർന്ന് പാരഗ്വായ് പ്രസിഡന്റ് രാജി പ്രഖ്യാപിച്ചെങ്കിലും, സെനറ്റ് ഈ രാജി സ്വീകരിക്കാതെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യുകയും പിന്നാലെ വീട്ടുതടങ്കലിലാക്കുകയും ചെയ്യുകയായിരുന്നു. രാജ്യത്തെ മുൻനിര ഡിജിറ്റൽ ബാങ്കായ ഉയേനോ ബാങ്ക് (Ueno Bank) ആണ് ഗുരുതരമായ കെടുകാര്യസ്ഥതയും കടുത്ത മൂലധന പ്രതിസന്ധിയും കാരണം തകർന്നത്.
പ്രമുഖ വ്യവസായ സ്ഥാപനമായ ഗ്രൂപ്പോ വാസ്ക്വെസിന്റെ നിയന്ത്രണത്തിലാണ് ഈ ബാങ്ക് പ്രവർത്തിച്ചിരുന്നത്. ഈ ഗ്രൂപ്പിൽ പ്രസിഡന്റ് സാന്റിയാഗോ പെനയ്ക്ക് ഒഹരി പങ്കാളിത്തം ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
അന്താരാഷ്ട്ര നാണയനിധിയിലെ (ഐഎംഎഫ്) മുൻ സാമ്പത്തിക വിദഗ്ധനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സുഹൃത്തുമാണ് സാന്റിയാഗോ പെന. ജനകീയ പ്രക്ഷോഭങ്ങളും ക്രിമിനൽ കുറ്റാന്വേഷണങ്ങളും ഉയർന്നുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഇംപീച്ച്മെന്റും വീട്ടുതടങ്കലും നേരിടേണ്ടി വന്നത്.
രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്ത് പ്രസിഡന്റ് ബാങ്കിന് അനധികൃത സഹായങ്ങൾ നൽകിയെന്നും, ഇത് ബാങ്കിന്റെ അസാധാരണ വളർച്ചയ്ക്ക് കാരണമായെന്നുമാണ് പ്രധാനമായും ഉയരുന്ന ആരോപണം. ബ്രസീൽ, അർജന്റീന, ബൊളീവിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കരബന്ധിത രാജ്യമാണ് പാരഗ്വായ്.
ജലവൈദ്യുതിയും കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയുമാണ് ഇവിടത്തെ പ്രധാന വരുമാന സ്രോതസ്സുകൾ. 2021-ൽ ഫിനാൻസിയേറ എൽ കൊമേഴ്സ്യോ ബാങ്ക് ഗ്രൂപ്പ് വാസ്ക്വെസ് ഏറ്റെടുത്തതോടെയാണ് ഉയേനോ ബാങ്ക് രൂപംകൊള്ളുന്നത്.
തുടർന്ന് 2022-ൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ആരംഭിച്ചു. ഇതിനുപുറമേ 2024-ൽ വിഷൻ ബാൻകോ എന്ന ബാങ്കും ഇവർ ഏറ്റെടുത്ത് ലയിപ്പിച്ചിരുന്നു.
ഏകദേശം 85 കോടി ഡോളറിന്റെ (ഏതാണ്ട് 8,000 കോടി രൂപ) പൊതുഫണ്ടാണ് ഈ ബാങ്ക് കൈകാര്യം ചെയ്തിരുന്നത്. സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ പെൻഷൻ കമ്പനികളുടെയും നിക്ഷേപങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കടുത്ത കെടുകാര്യസ്ഥതയും കിട്ടാക്കടങ്ങളുടെ വർദ്ധനവും വഴിവിട്ടുള്ള വായ്പാ വിതരണവുമാണ് ബാങ്കിനെ കടുത്ത മൂലധന പ്രതിസന്ധിയിലേക്ക് നയിച്ചത്. പാരഗ്വായ് കേന്ദ്രബാങ്ക് നടത്തിയ പരിശോധനകളിൽ ബാങ്കിലെ വായ്പാ തിരിമറികൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ചട്ടങ്ങൾ ലംഘിച്ചും ആവശ്യമായ ഈടുകൾ വാങ്ങാതെയുമാണ് ചില വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാങ്ക് കോടികളുടെ വായ്പകൾ വാരിക്കോരി നൽകിയത്. സർക്കാരിന്റെ കീഴിലുള്ള 30,000-ലേറെ പെൻഷൻകാർ തങ്ങളുടെ പെൻഷൻ തുക കൈപ്പറ്റിയിരുന്നത് ഈ ബാങ്ക് വഴിയായിരുന്നു.
ബാങ്ക് തകർന്നതോടെ ഇവർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ ഈ ബാങ്കിന്റെ മുഴുവൻ പ്രവർത്തനങ്ങളും കേന്ദ്രബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

