ചെന്നൈയിൽ മുൻ കാമുകിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും വിവരാവകാശ നിയമപ്രകാരം ആയിരത്തിലധികം ചോദ്യങ്ങൾ ഉന്നയിച്ച യുവാവിന് വിവരാവകാശ കമ്മിഷന്റെ കർശന മുന്നറിയിപ്പ്. വിഴുപ്പുറം സ്വദേശിയായ എ.സന്തോഷ് ആണ് അസാധാരണമായ രീതിയിൽ വിവരാവകാശ നിയമം ദുരുപയോഗം ചെയ്തത്.
“എന്റെ മുൻ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണോ? അവൾ വിവാഹിതയാണോ? എവിടെയാണ് ജീവിക്കുന്നത്” തുടങ്ങിയ ചോദ്യങ്ങളാണ് സന്തോഷ് ഉന്നയിച്ചത്. മുൻ കാമുകിയെക്കുറിച്ച് ആർടിഐ പ്രകാരം 97 അപേക്ഷകളിലായി ആകെ 1,887 ചോദ്യങ്ങളാണ് ഇയാൾ ചോദിച്ചത്.
ഈ ഹർജികൾ തള്ളിക്കൊണ്ടാണ് വിവരാവകാശ കമ്മിഷണർ വിപിആർ ഇളംപരിതി സന്തോഷിന് കർശന മുന്നറിയിപ്പ് നൽകിയത്. “വിവരാവകാശ നിയമത്തെ അവഹേളിക്കുന്ന തരത്തിൽ ഇത്തരം ഹർജികൾ സമർപ്പിച്ചാൽ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കും” എന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കുകയുണ്ടായി.
ജില്ലാ പൊലീസ് സൂപ്രണ്ടിനും പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കും അപേക്ഷ നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് സന്തോഷ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്. 2025 നവംബർ മുതൽ ഈ വർഷം ജൂൺ വരെയുള്ള കാലയളവിലാണ് ഈ അപേക്ഷകൾ സമർപ്പിച്ചത്.
സന്തോഷും സഹപാഠിയായ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും കോളജ് പഠനം കഴിഞ്ഞതോടെ ഇരുവരും വഴിപിരിഞ്ഞെന്നും പൊലീസ് കമ്മിഷനെ അറിയിച്ചു. തുടർന്ന് സന്തോഷ് ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തതിനെ തുടർന്ന് 2025 ജൂണിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി.
സന്തോഷിനെതിരെ പെൺകുട്ടി പീഡന പരാതിയും നൽകിയിട്ടുണ്ടെന്നും പൊലീസ് കമ്മിഷനെ അറിയിക്കുകയും പരാതിയുടെ പകർപ്പ് കൈമാറുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് സന്തോഷ് ആർടിഐ അപേക്ഷകളിലൂടെ പൊലീസിനെതിരെ തിരിഞ്ഞത്.
ഒരു അപേക്ഷയിൽ മാത്രം 179 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. പെൺകുട്ടി ജീവിച്ചിരിപ്പുണ്ടോ, എത്ര പുരുഷന്മാരുമായി ബന്ധത്തിലായിരുന്നു എന്നതടക്കമുള്ള സ്വകാര്യ വിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഇതിലുണ്ടായിരുന്നു.
വിവരാവകാശ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഹർജിയെന്ന് കമ്മിഷൻ നിരീക്ഷിച്ചു. തുടർന്ന്, നീതിക്കായി കോടതിയെ സമീപിക്കുമെന്ന് സന്തോഷ് അറിയിച്ചതിനെ തുടർന്ന് കമ്മിഷൻ ഹർജി ഔദ്യോഗികമായി തീർപ്പാക്കുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

