റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങുമ്പോൾ കൃത്യമായ അളവ് ലഭിക്കാത്ത പ്രശ്നങ്ങൾക്ക് വിരാമമിടാൻ ലക്ഷ്യമിട്ട്, ഇന്ത്യൻ ജനതയുടെ ശരീരപ്രകൃതിക്കനുസൃതമായി തയാറാക്കിയ ‘ഇന്ത്യ സൈസ് ചാർട്ട്’ നിലവിൽ വരുന്നു. കഴിഞ്ഞ ജനുവരിയിൽ പുറത്തിറക്കിയ ഈ പുതിയ അളവുസൂചിക പ്രമുഖ വസ്ത്ര നിർമ്മാണ ബ്രാൻഡുകൾ ഇതിനോടകം തന്നെ ഉപയോഗിച്ച് തുടങ്ങി.
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) ആണ് ഈ പുതിയ സൈസ് ചാർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ സൗജന്യ ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുന്നതിനായി വ്യവസായ മേഖലയിൽ നിന്ന് ഇതുവരെ 2400-ൽ ഏറെ റജിസ്ട്രേഷനുകളാണ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭിച്ചിട്ടുള്ളത്.
രാജ്യത്തെ വസ്ത്ര നിർമ്മാണ മേഖലയിൽ ഏകീകൃത സൈസിങ് മാനദണ്ഡങ്ങളും പുതിയ ‘ഐഎൻ’ ലേബിലിങ്ങും നടപ്പിലാക്കുന്നതിനുള്ള ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല കാലങ്ങളായി അനുവർത്തിച്ചുപോരുന്ന യു.എസ്, യുകെ സൈസ് ചാർട്ടുകൾക്ക് പകരമായാണ് ഇന്ത്യൻ ശരീരപ്രകൃതിക്ക് ഇണങ്ങുന്ന പുതിയ അളവുകൾ അവതരിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ക്ലോത്തിങ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഎംഎഐ) സഹകരണത്തോടെ ദില്ലി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഷില്ലോങ് എന്നീ പ്രമുഖ നഗരങ്ങളിൽ 3ഡി ഫുൾ ബോഡി സ്കാനിങ് മെഷീനുകൾ സ്ഥാപിച്ചിരുന്നു. തുടർന്ന് 26,000-ത്തിലധികം ആളുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഈ കൃത്യതയാർന്ന മാനദണ്ഡങ്ങൾ തയ്യാറാക്കിയത്.
ഈ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കായി പതിമൂന്നും പുരുഷന്മാർക്കായി പതിനാലും പ്രത്യേക അളവുകളാണ് പുതിയ ഇന്ത്യ സൈസ് ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഉയര ഗ്രൂപ്പുകളും അഞ്ച് വ്യത്യസ്ത ശരീരഘടനകളും അടിസ്ഥാനമാക്കിയുള്ള ഈ ചാർട്ടുകൾ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ www.indiasize.in എന്ന വെബ്സൈറ്റ് വഴി 20,000 രൂപ നിരക്കിൽ ഡിജിറ്റലായി ലഭ്യമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

