വെറും 4 ലക്ഷം രൂപയുടെ പ്രാഥമിക നിക്ഷേപത്തിൽ പ്രവർത്തനം ആരംഭിക്കുകയും, പിന്നീട് 100 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള പ്രമുഖ സ്ഥാപനമായി വളരുകയും ചെയ്ത ‘എൽസോൾ പവർ സല്യൂഷൻസ്’ (Elsol Power Solutions) എന്ന സോളാർ സംരംഭത്തിന്റെ വിജയഗാഥ മാതൃകയാവുന്നു. എൻജിനീയറിങ് പഠനകാലത്ത് സഹോദരന്റെ വീട്ടുനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചില സംശയങ്ങളിൽ നിന്നാണ് സ്ഥാപകനായ ടിൻസു മാത്യു ഈ ബിസിനസ് ആശയത്തിലേക്ക് എത്തുന്നത്.
മിന്നൽ രക്ഷാജാലങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സ്വന്തം വീട്ടിൽ സോളാർ സംവിധാനം സ്ഥാപിച്ചതുമാണ് ഈ രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്പുകൾ. തുടർന്ന് സുഹൃത്തായ ലിബിനുമായി ചേർന്ന് പുനരുപയോഗ ഊർജ മേഖലയിലെ സാധ്യതകൾ മനസ്സിലാക്കി ഇവർ സോളാർ രംഗത്തേക്ക് ചുവടുറപ്പിക്കുകയായിരുന്നു.
കൊച്ചിയിൽ നടന്ന ബിസിനസ് ഉച്ചകോടിയിലാണ് കമ്പനിയുടെ സ്ഥാപകർ ഈ വളർച്ചാ വഴികൾ വിശദീകരിച്ചത്. തുടക്കകാലത്ത് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ വലിയ സാമ്പത്തിക പശ്ചാത്തലമോ ആഡംബരങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ടിൻസു മാത്യു വ്യക്തമാക്കുന്നു.
റബർ വെട്ടുകാരന്റെയും കൂലിപ്പണിക്കാരന്റെയും മക്കളായ ഇവർ, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയ തുകയും പിന്നീട് പിഎം മുദ്ര യോജന പദ്ധതിയിലൂടെ ലഭിച്ച 5 ലക്ഷം രൂപയുടെ വായ്പയും ഉൾപ്പെടുത്തിയാണ് ഈ സംരംഭത്തിന് അടിത്തറയിട്ടത്. 2017ൽ ഔദ്യോഗികമായി തുടക്കമിട്ടെങ്കിലും 2018ന്റെ തുടക്കമായപ്പോഴേക്കും അക്കൗണ്ടുകളിൽ നഷ്ടം വർധിക്കുകയും സംരംഭം അവസാനിപ്പിക്കാൻ പോലും നിർദ്ദേശങ്ങൾ ഉയരുകയും ചെയ്തത് വലിയ പ്രതിസന്ധിയായി മാറി.
എങ്കിലും സ്വന്തം ലക്ഷ്യബോധവും ആത്മവിശ്വാസവും ഈ ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിച്ചതായി അദ്ദേഹം പറയുന്നു. ഉപഭോക്താക്കളുടെ അർപ്പണബോധവും പിന്തുണയും കൂടിയായതോടെ 2018ന്റെ അവസാനത്തോടെ കമ്പനി ലാഭത്തിലേക്ക് തിരിഞ്ഞു.
ആദ്യകാലത്ത് സോളാർ ഉൽപന്നങ്ങൾക്ക് ഉയർന്ന ചെലവായിരുന്നുവെങ്കിലും സർക്കാരിന്റെ സബ്സിഡിയും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളും ലഭ്യമായതോടെ ഇവ സാധാരണക്കാർക്കും പ്രാപ്യമായി മാറി. ഉപഭോക്തൃ സംതൃപ്തിയും മികച്ച സേവനവും വഴി ലഭിച്ച മൗഖിക ശുപാർശകളാണ് (Word of Mouth) കമ്പനിയുടെ ഏറ്റവും വലിയ കരുത്തായി മാറിയത്.
ബാറ്ററികൾ ഉൾപ്പെടുത്തിയ സിസ്റ്റങ്ങളെ അപേക്ഷിച്ച് കൂടുതൽ സാമ്പത്തിക ലാഭം നൽകുന്നത് ‘ഓൺ-ഗ്രിഡ്’ സംവിധാനങ്ങളാണെന്ന് തിരിച്ചറിഞ്ഞ്, ഉപഭോക്താക്കളോട് കാര്യങ്ങൾ സത്യസന്ധമായി ബോധ്യപ്പെടുത്തി പൂർണമായും ഓൺ-ഗ്രിഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് വിപണിയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു. പ്രതിസന്ധികളെല്ലാം വിജയകരമായി മറികടന്ന്, ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പോലുള്ള പ്രമുഖരെ ബ്രാൻഡ് അംബാസഡർമാരാക്കിയും ഫലപ്രദമായ മാർക്കറ്റിങ് തന്ത്രങ്ങൾ നടപ്പാക്കിയും ‘എൽസോൾ’ ഇന്ന് രാജ്യത്തെ 25 സംസ്ഥാനങ്ങളിലും 3 വിദേശ രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
”കേരളത്തിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ളവരും വാണിജ്യ ആവശ്യങ്ങൾക്കുള്ളവരും എല്ലാംകൂടി ഒന്നര കോടി ഉപഭോക്താക്കൾ ഉണ്ടെങ്കിലും അതിൽ 4 ലക്ഷം പേർ മാത്രമേ ഇതുവരെ സൗരോർജ്ജ സംവിധാനം സ്ഥാപിച്ചിട്ടുള്ളൂ. അതിനാൽതന്നെ ഈ രംഗത്ത് അനന്തമായ സാധ്യതകളാണുള്ളത്, ആ അവസരങ്ങൾ നമ്മൾ മികച്ച രീതിയിൽ തന്നെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഇത് കൂടുതൽ വികസിപ്പിച്ചെടുക്കാനായി സ്വകാര്യ, പൊതുമേഖലാ ഫണ്ടുകൾ സമാഹരിച്ച് ഉപയോഗിക്കുക എന്നത് മികച്ചൊരു മാർഗമാണ്. അതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു.
കമ്പനിയുടെ പ്രാരംഭ ധനകാര്യ സ്ഥിതിയും പൊസിഷനിങ്ങും കണക്കിലെടുത്ത് കൺസൾട്ടന്റുകൾ നൽകിയ ഉപദേശപ്രകാരം എസ്എംഇ ഐപിഒ എന്ന ആശയം ഒഴിവാക്കി, അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ‘മെയിൻ ബോർഡ്’ വഴി ഐപിഒ ചെയ്യാം എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്”, ടിൻസു മാത്യു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

