സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമന നടപടികളിൽ മുൻ ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ രംഗത്ത്. കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിന് മുൻപ് തന്നെ ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ ജസ്റ്റിസ് ചന്ദ്രചൂഡ് ശ്രമിച്ചിരുന്നുവെന്നാണ് ജസ്റ്റിസ് കൗളിന്റെ പ്രധാന വെളിപ്പെടുത്തൽ.
ഈ മാസം അവസാനം പുറത്തിറങ്ങുന്ന തന്റെ ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’ എന്ന ഓർമക്കുറിപ്പുകളിലാണ് ഈ തുറന്നുപറച്ചിലുകൾ ഉള്ളത്. 2023 ഡിസംബറിൽ വിരമിച്ച ജസ്റ്റിസ് കൗൾ, 14 മാസത്തോളം കൊളീജിയത്തിൽ ചീഫ് ജസ്റ്റിസിനു തൊട്ടുതാഴെയുള്ള ഏറ്റവും മുതിർന്ന ജഡ്ജിയായിരുന്നു.
സർക്കാരുമായുള്ള ചീഫ് ജസ്റ്റിസിന്റെ അമിതവിധേയത്വ നിലപാടുകളിൽ പ്രതിഷേധിച്ച് താൻ ഒരിക്കൽ കൊളീജിയം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകത്തിലെ മറ്റ് പ്രധാന വെളിപ്പെടുത്തലുകൾ:
* കൊളീജിയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുൻപ്, സർക്കാരിന്റെ താൽപര്യം അറിയാൻ ചീഫ് ജസ്റ്റിസ് ശ്രമിച്ചിരുന്നു.
* ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട
ഒരു ജഡ്ജിയെ നിയമിക്കുമ്പോൾ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ ചോദിച്ച വിചിത്രമായ ചോദ്യം ചീഫ് ജസ്റ്റിസ് കൊളീജിയത്തിൽ പങ്കുവച്ചു. തലമുറകളായി ആ മതത്തിൽ കഴിയുന്ന കുടുംബത്തിന്റെ ജാതി എങ്ങനെ അറിയാനാണെന്നും, ഇത്തരം രീതികളോട് യോജിക്കാൻ കഴിയില്ലെന്നും പറഞ്ഞ് ജസ്റ്റിസ് കൗൾ അന്ന് ഫയൽ മടക്കി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
പിന്നീട് സർക്കാർ ഈ പേര് അംഗീകരിച്ചു.
* ആറ് ഒഴിവുകളിലേക്ക് നടന്ന ഒരു കൊളീജിയം യോഗത്തിൽ, മുൻകൂട്ടി ധാരണയായ അഞ്ച് പേരുകൾക്ക് പുറമെ യോഗ ദിവസം ചീഫ് ജസ്റ്റിസ് ആറാമതൊരു പേര് നിർദേശിച്ചു. സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് സംശയിച്ച മറ്റ് ജഡ്ജിമാർ ഇതിനെ എതിർത്തു.
സർക്കാരിന്റെ നിലപാടറിയാൻ യോഗത്തിനിടെ ഫോൺ വിളിക്കാൻ ചീഫ് ജസ്റ്റിസ് തുനിഞ്ഞപ്പോൾ ജസ്റ്റിസ് കൗൾ അത് തടഞ്ഞു.
* നാഷണൽ ജുഡീഷ്യൽ അപ്പോയ്മെന്റ് കമ്മിഷൻ ഭരണഘടനാ വിരുദ്ധമെന്ന് കാട്ടി 2015ൽ സുപ്രീം കോടതി റദ്ദാക്കിയതിനോട് ജസ്റ്റിസ് കൗൾ വിയോജിക്കുന്നു. ആ സംവിധാനത്തിനു പ്രവർത്തിക്കാൻ ഒരു അവസരം നൽകാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നട്ടെല്ലുള്ള ജഡ്ജിമാരെയാണ് സർക്കാർ ബഹുമാനിക്കുന്നത് എന്നും അദ്ദേഹം പുസ്തകത്തിൽ കുറിക്കുന്നു. താൻ പുസ്തകം വായിച്ചിട്ടില്ലാത്തതിനാൽ വിശദമായ പ്രതികരണത്തിനു കഴിയില്ലെന്ന് ഡി.വൈ.
ചന്ദ്രചൂഡ് പ്രതികരിച്ചു. എന്നാൽ, കൊളീജിയം യോഗങ്ങൾ വളരെ സൗഹാർദപരമായാണ് നടന്നതെന്നും, ജസ്റ്റിസ് കൗൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ഒരു സംഭവം തനിക്ക് ഓർമയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരുമായി ചർച്ചകൾ നടത്താറുണ്ടെന്നത് യാഥാർഥ്യമാണെന്നും, അന്തിമമായി രാഷ്ട്രപതിയാണ് നിയമന ഉത്തരവിൽ ഒപ്പിടുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. കൊളീജിയം തീരുമാനങ്ങളിൽ ജസ്റ്റിസ് കൗൾ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഓർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസ് തന്റെ ബെഞ്ചിൽ നിന്ന് മാറ്റിയത് ഉൾപ്പെടെ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടായ അസ്വാഭാവിക ഇടപെടലുകളെക്കുറിച്ചും ജസ്റ്റിസ് കൗൾ പുസ്തകത്തിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

