പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും വർധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. യുഎഇയിലെ ഉമ്മുൽഖുവൈനിൽ എണ്ണടാങ്കർ ചോർന്നതിനെ തുടർന്ന് ബീച്ചുകൾ താൽക്കാലികമായി അടച്ചതും പുതിയ പ്രതിസന്ധിക്കു ആക്കംകൂട്ടിയിട്ടുണ്ട്.
ഇതിനുപുറമേ, സൗദി അരാംകോയുടെ ദഹറാനിലെ ആസ്ഥാനം ഒഴിപ്പിക്കേണ്ടി വന്നതും വിപണിയിൽ ആശങ്ക പരത്തിയിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.14% ഉയർന്ന് 116.7 ഡോളറിലെത്തി.
അമേരിക്കൻ ക്രൂഡ് (ഡബ്ല്യുടിഐ) വില 3.82% വർധിച്ച് 103.30 ഡോളറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരപ്പാണിത്.
ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനികളായ നയാരയും ജിയോ-ബിപിയും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചിരുന്നു. ഈ പുതിയ സാഹചര്യത്തിൽ പൊതുമേഖല എണ്ണക്കമ്പനികളും ഇന്ധനവില വർധിപ്പിച്ചേക്കുമെന്നാണ് സൂചന.
വരും ദിവസങ്ങളിൽ എണ്ണവില ബാരലിന് 120 ഡോളർ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത വർഷം ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇന്ധനവില വർധിപ്പിക്കാനുള്ള അനുയോജ്യമായ അവസാന അവസരം നവംബറിലാണെന്ന് കേന്ദ്രസർക്കാരിന് ഇതിനോടകം ഉപദേശം ലഭിച്ചതായും വിവരങ്ങളുണ്ട്.
എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയിൽ പണപ്പെരുപ്പത്തിനും പലിശഭാരത്തിനും കാരണമാകും. വരുന്ന ഡിസംബറിൽ ചേരുന്ന പണനയ സമിതി യോഗത്തിൽ റിസർവ് ബാങ്ക് (ആർബിഐ) അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിക്കാൻ തയാറായേക്കുമെന്നാണ് പ്രവചനം.
മറുഭാഗത്ത്, അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം നവംബർ 3 മുതൽ ഇറാൻ യുദ്ധം കനക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതിനിടയിൽ റഷ്യയിൽ നിന്നും 40,000 ടൺ ഡീസലുമായി ഒരു കപ്പൽ അമേരിക്കയിലെത്തിയിട്ടുണ്ട്.
നിലവിൽ അമേരിക്കയിലെ ഡീസൽ വില 6.31 ഡോളറാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

