കേരളത്തിൽ സ്വന്തം ജില്ലയുടെ പേരെഴുതുന്നതിൽ ഇത്രയധികം ഭിന്നതകളുള്ള മറ്റൊരു പ്രദേശം കാണാൻ സാധിക്കില്ല. കാസർകോട്, കാസർഗോഡ്, കാസറഗോഡ് എന്നിങ്ങനെ വിവിധ രീതികളിൽ പേര് എഴുതുന്നത് മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്.
അതേസമയം, ഈ വൈവിധ്യം നാടിന്റെ സാംസ്കാരിക ബഹുസ്വരതയുടെ അടയാളമാണെന്നും ഇതിൽ സ്ഥലനാമ ഏകീകരണം ആവശ്യമില്ലെന്നും വാദിക്കുന്നവരുണ്ട്. ‘കാഞ്ഞിരം എന്ന മരത്തിന്റെ പേരിൽനിന്നാണ് കാസർകോട് ഉണ്ടായതെന്നാണ് എഴുത്തുകാരൻ എം.എ.റഹ്മാൻ പറയുന്നത്.
കാസറ എന്നാൽ കന്നഡത്തിൽ കാഞ്ഞിരം’ എന്നർഥം. കാസറിന്റെ കാട് എന്നത് ‘കാസർകോടാ’യി എന്നും റഹ്മാൻ പറയുന്നു.
കന്നഡ സ്വാധീനം കാസർ അല്ലെങ്കിൽ കോസർ വർഗക്കാർ താമസിച്ച സ്ഥലം എന്നതിൽനിന്നാണ് സ്ഥലനാമം ഉണ്ടായതെന്ന് കരുതുന്നവരുമുണ്ട്. ഈ അർഥത്തിൽ കാസർകോട് എന്നുള്ളത് കന്നഡയിൽ എത്തിയപ്പോൾ കാസർഗോഡ് എന്നായി എന്നാണ് ഇവരുടെ നിരീക്ഷണം.
മലയാളത്തിലെ ‘ക’ കന്നഡത്തിലെത്തുമ്പോൾ ‘ഗ’. എന്നായി മാറുന്നതിനാലാണ് ഈ മാറ്റമെന്നും ഇവർ ചുണ്ടിക്കാണിക്കുന്നു.
അശോകചക്രവർത്തിയുടെ കാലത്തെ ഉത്തരവുകളിൽ കാസർ വിഭാഗത്തെക്കുറിച്ച് പറയുന്നുണ്ടെന്ന് ചരിത്രഗവേഷകനായ ഡോ.സി.ബാലൻ പറയുന്നു. എന്നാൽ, ഇവർക്ക് പിന്നീട് എന്തു സംഭവിച്ചെന്ന് പറയാനാകില്ല.
ഇവരുടെ കാലം സംബന്ധിച്ചും കൃത്യമായ തെളിവുകളില്ല. ഇവരെക്കുറിച്ചു കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നതാണു കാരണം.
ജില്ലാ ഭരണകൂടത്തിന്റെ മലയാളം ചരിത്രവിവരണത്തിൽ ‘കാസറഗോഡ്’ എന്നാണ് ഉപയോഗിച്ചിരുന്നത്. കാസറഗോഡ് എന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാനാണ് വർഷങ്ങൾക്കു മുൻപ് ജില്ലാ ഭരണകൂടം സർക്കുർവഴി നിർദേശം നൽകിയത്.
മലയാളത്തിൽ ‘കാസർകോട്’ മതി ‘ഗ’ കന്നഡയിലെ പ്രയോഗമാണെന്നും പകരം ‘ക’ എന്ന അക്ഷരം ഉപയോഗിക്കുന്നതാണ് ശരിയായ മലയാളമെന്നും ചരിത്രഗവേഷകനായ ഡോ.സി.ബാലൻ പറയുന്നു. മലയാളത്തിലെഴുതുമ്പോൾ കാസർകോട് എന്നുതന്നെയാണ് ശരിയായ പ്രയോഗമെന്നാണ് പൊതുവേ വിദഗ്ധാഭിപ്രായം.
‘ഗോഡ്’ എന്ന പ്രയോഗം കന്നഡ ആയതിനാൽ ജില്ലയുടെ പേര് മലയാളത്തിൽ എഴുതുമ്പോൾ ‘കാസർഗോഡ്’ എന്നല്ല ‘കാസർകോട്’ എന്നാണ് ശരിയായ പ്രയോഗമെന്നാണ് ഇവർ ചുണ്ടിക്കാണിക്കുന്നത്. ‘പേരിന്റെ ഉദ്ഭവത്തെക്കുറിച്ചും വ്യത്യസ്ത വാദങ്ങളുണ്ടെങ്കിലും ഇതിലേതാണ് ശരിയെന്നു പറയാൻ തെളിവുകളില്ല.
മലയാളത്തിനു പുറമേ കന്നഡ, തുളു, കൊങ്കണി, ബ്യാരി തുടങ്ങിയ ഭാഷകൾക്കും സ്വാധീനമുള്ള പ്രദേശമാണ് കാസർകോട്. വ്യത്യസ്ത ഭാഷകളിലൂടെ പ്രചരിക്കുമ്പോൾ ഉച്ചാരണത്തിലും എഴുത്തിലും മാറ്റങ്ങൾ വന്നേക്കാം.’– ഭാഷാ ഗവേഷകനും അധ്യാപകനുമായ രത്നാകര മല്ലമൂല പറഞ്ഞു.
രണ്ട് കോട്ടകളുള്ള പ്രദേശം എന്നർഥം വരുന്ന കാംഗോഡിൽനിന്നാണ് ഈ സ്ഥലനാമം ഉദ്ഭവിച്ചതെന്നും അഭിപ്രായമുണ്ട്. എന്നാൽ, കോട്ടകൾ ചരിത്രപരമായി അത്ര പഴക്കമുള്ളതല്ല എന്നതിനാൽ ഇതായിരിക്കില്ല പേരിനു കാരണമെന്നും ചരിത്രഗവേഷകർ തിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

