ആലപ്പുഴ കൊമ്മാടി ജംക്ഷനിൽ ദേശീയപാതയുടെ ഓടയിൽ നിന്നും ഉയരപ്പാതയിൽ നിന്നും വെള്ളം ഒഴുകി ഇറങ്ങി കടകളിലും വീടുകളിലും വെള്ളം കയറുന്നതായി വ്യാപക പരാതി. സമീപകാലത്ത് കടകളിൽ വെള്ളം കയറി പ്രദേശത്തെ വ്യാപാരികൾക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായിരിക്കുന്നത്.
കൊമ്മാടി ജംക്ഷനിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് ഇടതുവശത്തെ ഓടയിൽ ജലം നിറഞ്ഞു കവിഞ്ഞിരുന്നു. വെള്ളം ഒഴുകിപ്പോകാൻ മതിയായ മാർഗമില്ലാത്തതിനാൽ ഓടയുടെ വശങ്ങളിലെ വാൽവുകളിലൂടെയും കൃത്യമായി ഉറപ്പിക്കാത്ത സ്ലാബിന്റെ വിടവുകളിലൂടെയും വെള്ളം സമീപത്തെ കടകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ഇതിനുപുറമേ, സർവീസ് റോഡിന്റെ വലതുവശത്തെ ഉയരപ്പാതയിൽ നിന്ന് ചെളിയും വെള്ളവും പുറത്തേക്ക് പതിച്ചതും കടകളിലേക്ക് ഒഴുകിയിറങ്ങി. ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന റേഷൻകടയിൽ സൂക്ഷിച്ചിരുന്ന സ്റ്റോക്കിൽ 1,000 കിലോഗ്രാം അരി പൂർണ്ണമായും വെള്ളത്തിൽ നശിച്ചു.
കൂടാതെ ഇവിടെയുള്ള ഒരു പലചരക്ക് കടയിലെ സാധനങ്ങളും പൂർണ്ണമായി നശിച്ചു. ഒരു ഇലക്ട്രിക് കടയും ആയുർവേദ ഷോപ്പും ഉൾപ്പെടെ ആകെ 12 കടകൾക്കാണ് ഇതിനോടകം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്.
ഓടയിലെയും റോഡിലെയും വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സാധിക്കുന്ന രീതിയിലല്ല ഓടയുടെ നിർമാണമെന്ന് കൗൺസിലർ എം.എസ്.സർജു വ്യക്തമാക്കി. ദേശീയപാത അതോറിറ്റി റോഡ് വികസനം നടത്തുന്നതിനു മുൻപ് പ്രദേശത്തെ മഴവെള്ളം ഒഴുകിപ്പോയിരുന്നത് ചെറിയ തോടുകൾ വഴിയായിരുന്നു.
എന്നാൽ ഈ തോടുകളെല്ലാം ദേശീയപാത അതോറിറ്റി മൂടിക്കളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. ദേശീയപാത അതോറിറ്റിയുടെ ഈ അശാസ്ത്രീയ നടപടി മൂലം പ്രദേശത്തെ ഒട്ടേറെ വീടുകൾ ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയിലാണെന്ന് പ്രദേശവാസിയായ കെ.ബി.ബിനുവും പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

