പൊലീസ് സേനയുടെ പ്രവർത്തനരീതികളും നിയമപാലനത്തിന്റെ പ്രാധാന്യവും നേരിട്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായി കുമരകം വൊക്കേഷനൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ കുമരകം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന്റെ പങ്ക് എന്താണെന്ന് കുട്ടികൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠനയാത്ര സംഘടിപ്പിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി സ്റ്റേഷന്റെ പ്രവർത്തനങ്ങൾ, പരാതികൾ സ്വീകരിക്കുന്ന രീതിയും തുടർനടപടികളും, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകൾ, ഗതാഗത നിയമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ കേഡറ്റുകൾക്ക് വിശദമായ ക്ലാസുകൾ എടുത്തു.
കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ഉദ്യോഗസ്ഥരോട് ചോദിക്കുകയും പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഈ സന്ദർശനം വിദ്യാർത്ഥികളിൽ നിയമബോധം, സാമൂഹിക ഉത്തരവാദിത്വം, അച്ചടക്കം, പൗരബോധം എന്നിവ വളർത്താൻ ഏറെ സഹായിച്ചു.
പൊലീസ് സേനയുമായി നേരിട്ട് സംവദിക്കാൻ സാധിച്ചത് കേഡറ്റുകൾക്ക് തികച്ചും പുതിയൊരു അനുഭവവും അറിവുമാണ് സമ്മാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തിനും വിലയേറിയ മാർഗനിർദേശങ്ങൾക്കും പൊലീസ് കേഡറ്റ് കുമാരി ജനീറ്റ നന്ദി രേഖപ്പെടുത്തി.
പരിപാടിക്ക് എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫിസർമാരായ പി.സി പ്രതീഷ്, രൂപ സായി, അധ്യാപകരായ എൻ.ഗിരീഷ്, രവി കണ്ണൻ, ജോസിമോൾ ജോസ്, ലാൽ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

