കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് പുറമെ തകരാറിലായ വൈദ്യശാസ്ത്ര ഉപകരണങ്ങൾക്കും പുതുജീവൻ നൽകി മെഡിക്കൽ–എൻജിനീയറിങ് വിദ്യാർഥികളുടെ മാതൃകാപരമായ പ്രവർത്തനം.
ഉപയോഗശൂന്യമായി മാറ്റിയിട്ടിരുന്ന വെന്റിലേറ്റർ, ഇൻഫ്യൂഷൻ പമ്പ്, മൾട്ടി പാരാ മോണിറ്റർ, ഇസിജി മെഷീൻ, നെബുലൈസർ തുടങ്ങിയ ജീവൽപ്രധാന ഉപകരണങ്ങളാണ് ഈ വിദ്യാർഥി കൂട്ടായ്മ വിജയകരമായി റിപ്പയർ ചെയ്ത് പ്രവർത്തനസജ്ജമാക്കിയത്. കേരള സ്റ്റാർട്ടപ് മിഷന്റെ സംരംഭമായ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ് ഡവലപ്മെന്റ് സെന്റർ (ഐഇഡിസി) മെഡിക്കൽ കോളജ് യൂണിറ്റും എൻജിനീയറിങ് വിഭാഗത്തിന്റെ കൂട്ടായ്മയായ ടിങ്കർ സ്പേസും സംയുക്തമായി ഞായറാഴ്ച സംഘടിപ്പിച്ച ‘റിപ്പയർ കഫേ’യിലൂടെയാണ് അഞ്ച് പ്രധാന ഉപകരണങ്ങൾ ഇത്തരത്തിൽ പുനരുപയോഗയോഗ്യമാക്കിയത്.
ആരോഗ്യ മേഖലയിൽ ചികിത്സാ രംഗത്ത് നൂതന സാങ്കേതിക വിദ്യയ്ക്കുള്ള ആശയങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് നൽകാനാകുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി.ശ്രീജയൻ വ്യക്തമാക്കി.
അതു പ്രവർത്തന തലത്തിൽ കൊണ്ടുവരുന്നത് എൻജിനീയറിങ് വിങ്ങിന്റെ സാങ്കേതിക മികവിലൂടെയാണ്. ഇവിടെ മെഡിക്കൽ, എൻജിനീയറിങ് വിദ്യാർഥികൾ ഒത്തുചേർന്ന് നടത്തുന്നത് മാതൃകാ പ്രവർത്തനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഒരു ഗവ. മെഡിക്കൽ കോളജിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിക്കുന്നത്.
പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് അടുത്ത ഘട്ടത്തിൽ ഇത് കൂടുതൽ വിപുലമായി നടപ്പാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. നോഡൽ ഓഫിസർമാരായ ഡോ.
റോജിത്ത്.കെ.ബാലകൃഷ്ണൻ, ഡോ. ട്രിനറ്റ് ഡിക്കൂത്ത്, സ്റ്റുഡന്റ് നോഡൽ ഓഫിസർ ഡോ.
സിദ്ധാർഥ് നാരായണൻ, ശിശിർ ഒ.രാഘവൻ, ടിങ്കർ സ്പേസ് പ്രതിനിധി ജാസിം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

