മധ്യപ്രദേശിലെ റത്ലം ജില്ലയിൽ റെയിൽവേ ക്രോസിൽ കുടുങ്ങിയ കാറിലേക്ക് പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറി അപകടം സംഭവിച്ചു. റത്ലം ജില്ലയിലെ ബഞ്ചാലി – സെജാവത ബൈപ്പാസിലുള്ള ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 192 ലാണ് ഈ സംഭവം ഉണ്ടായത്.
ട്രാക്കിൽ കുടുങ്ങിയ കാറിലേക്ക് വൽസാദ് – ഹിസാർ എക്സ്പ്രസ് (04728) വന്നിടിക്കുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
പ്രണവ് ഉപാധ്യായ എന്നയാൾ ഓടിച്ചിരുന്ന കാറാണ് ട്രാക്കിൽ കുടുങ്ങിയത്. ലെവൽ ക്രോസിങ് ഗേറ്റ് അടച്ചതോടെ കാറിന് മുന്നോട്ടും പിന്നോട്ടും എടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും, ഇതിന് പിന്നാലെ ട്രെയിൻ പാഞ്ഞെത്തി ഇടിക്കുകയുമായിരുന്നു.
എന്നാൽ ട്രാക്കിൽ കാർ കിടക്കുന്നത് ദൂരെനിന്ന് തന്നെ കണ്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിനിന്റെ വേഗത കുറയ്ക്കുകയായിരുന്നു.
വലിയ വേഗതയിലല്ലാതെ എത്തിയതിനാൽ ട്രെയിൻ കാറിലിടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. സംഭവമറിഞ്ഞ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും ഉടൻ തന്നെ സ്ഥലത്തെത്തി.
തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ ട്രാക്കിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചത്. അതേസമയം, സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ഗുരുതരമായ ആരോപണമുയർന്നിട്ടുണ്ട്.
കാർ എങ്ങനെയാണ് ട്രാക്കിൽ കുടുങ്ങിയതെന്നും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് റത്ലം ഡിവിഷണൽ റെയിൽവേ മാനേജർ അശ്വിനി കുമാർ ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

