നീതി തേടിയെത്തിയ പീഡനത്തിനിരയായ പെൺകുട്ടിക്ക് മാനസിക പിന്തുണയേകി ഡൽഹി രോഹിണിയിലെ പോക്സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജിയായ രജനി രങ്കയുടെ പ്രത്യേക കുറിപ്പ്. കേസിലെ വിധിന്യായത്തോടൊപ്പം എഴുതിയ ഈ സന്ദേശം എത്രയും പെട്ടെന്ന് പെൺകുട്ടിക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജഡ്ജിയുടെ ഈ വ്യക്തിഗത കുറിപ്പ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, നിലവിൽ പത്തുവയസ്സായ പെൺകുട്ടിക്ക് ഈ കുറിപ്പ് പ്രിന്റ് ചെയ്ത് എത്തിച്ചു നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കുറിപ്പ് കൈമാറണമെന്നാണ് നിർദ്ദേശം. ഒപ്പം, വിചാരണക്കോടതി ഉത്തരവിട്ട
10.50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അതിവേഗം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, പ്രതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കേസ് 2027 ജനുവരി 20-ലേക്ക് മാറ്റിവെച്ചു.
ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെയുള്ളവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2023-ൽ ഏഴുവയസ്സുള്ളപ്പോഴാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായത്.
സുമിത് ശാക്യ എന്നയാളാണ് കേസിലെ പ്രതി. പോക്സോ കോടതിയുടെ ചുമതലയുണ്ടായിരുന്ന ജഡ്ജി രജനി രങ്കയായിരുന്നു കേസ് വിചാരണ ചെയ്ത് വിധി പുറപ്പെടുവിച്ചത്.
പ്രതിക്ക് മരണം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതിനുപുറമെയാണ് 10.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടത്.
വിചാരണവേളയിൽ, അങ്കിൾ എന്ന് വിളിക്കുന്ന പ്രതിക്ക് വയസാകുന്നത് വരെ അയാളെ ജയിലിലിടണമെന്ന് പെൺകുട്ടി ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനുള്ള മറുപടിയായാണ് വിധിന്യായത്തോടൊപ്പം ജഡ്ജി പ്രത്യേക കുറിപ്പ് തയ്യാറാക്കിയത്.
ജഡ്ജിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം: ”പ്രിയപ്പെട്ട മോളെ, നിന്നെ കോടതി കേട്ടു.
നീ അങ്കിൾ എന്ന് വിളിക്കുന്നയാളെ അയാൾക്ക് വയസ്സാകുന്നത് വരെ ജയിലിലിടാനാണ് നീ കോടതിയോട് പറഞ്ഞത്. കോടതി നിന്റെ ആവശ്യം അംഗീകരിച്ച് അതിനുള്ള മറുപടി നൽകിയിരിക്കുകയാണ്.
നീ അങ്കിൾ എന്ന് വിളിക്കുന്നയാളെ ജീവിതകാലം മുഴുവൻ തടങ്കലിലടയ്ക്കാൻ കോടതി ഇന്ന് ഉത്തരവിട്ടിരിക്കുകയാണ്. അയാൾക്ക് ഇനി സ്വതന്ത്രമായി വിഹരിക്കാനാകില്ല.
ഇനിയുള്ള കാലം അയാൾ തടവിലായിരിക്കും. ആ കൂട്ടിൽ കിടന്ന് അയാൾ വയസ്സാകും.
ആ കൂട്ടിൽകിടന്ന് തന്നെ അയാൾ മരിക്കും. അയാൾക്ക് ഇനി നിന്നെയോ നിന്റെ സഹോദരിയെയോ മറ്റുകുട്ടികളെയോ ഉപദ്രവിക്കാൻ കഴിയില്ല.
ഈ കോടതി കണ്ടതിൽ ഏറ്റവും ധൈര്യശാലിയായ പെൺകുട്ടിയാണ് നീ. നീ കോടതിയിൽ വന്ന് നിന്നെ ഉപദ്രവിച്ചയാളെ ചൂണ്ടിക്കാണിച്ച് നൽകി.
നീ സത്യം പറഞ്ഞു. അങ്കിൾ എന്ന് വിളിക്കുന്നയാൾ നിന്നോട് ചെയ്തത് വളരെ മോശമായ കാര്യമാണ്.
പക്ഷേ, നീ മൗനം പാലിച്ചില്ല. നീ നിന്റെ അമ്മയോട് പറഞ്ഞു.
നീ അത് തുറന്നുപറയാനുള്ള ധൈര്യം കാണിച്ചു. അതുകൊണ്ട് അയാൾക്ക് ഇനി ഒരു കുട്ടിയെയും ഉപദ്രവിക്കാനാകില്ല.
നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഒരിക്കലും ഈ കോടതിക്ക് കഴിയില്ല.
പക്ഷേ, നിന്റെ വാക്കുകൾ കേട്ടുവെന്ന് കോടതിക്ക് ഉറപ്പുനൽകാനാകും. നിന്റെ ആവശ്യം കോടതി കേട്ടു.
നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല. അയാൾക്ക് ഇനിയൊരിക്കലും സ്വതന്ത്രമായി വിഹരിക്കാനാകില്ല.
മോളെ, ഇനി നീ നിന്റെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോവുക. സ്കൂളിൽ പോകണം.
അവിടെ കൂട്ടുകാരെയുണ്ടാക്കണം. ചിരിക്കണം.
കളിക്കണം. സ്വപ്നം കാണണം.
നിന്റെ ധൈര്യം ഈ കോടതി എന്നും ഓർമിക്കും”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

