ഉപയോക്താക്കളുടെ നിത്യേനയുള്ള ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ വാലറ്റിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ജെമിനി സംയോജിപ്പിച്ചു. പുതിയ കണക്ടഡ് ആപ്പ് ഫീച്ചറിലൂടെ ഗൂഗിൾ വാലറ്റിൽ നിന്നുള്ള പ്രസക്തമായ വിവരങ്ങൾ ഇനി മുതൽ ജെമിനി വഴി ലഭ്യമാകും.
ഇതിനോടകം തന്നെ MCP വഴി പതിമൂന്നിലധികം തേർഡ്-പാർട്ടി ആപ്പുകൾക്ക് ഗൂഗിൾ ജെമിനി പിന്തുണ നൽകിയിരുന്നു. ഗൂഗിളിന്റെ ഔദ്യോഗിക സപ്പോർട്ട് പേജ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, “ഗൂഗിൾ വാലറ്റിൽ സേവ് ചെയ്തിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജെമിനി ആപ്പുകളിൽ നിന്നും വ്യക്തിഗത വിവരങ്ങളും വിലയിരുത്തലുകളും” ഉപയോക്താക്കൾക്ക് സ്വന്തമാക്കാം.
സേവ് ചെയ്തുവെച്ചിരിക്കുന്ന പാസുകൾ, ടിക്കറ്റുകൾ, ലോയൽറ്റി കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതിലൂടെ പരിശോധിക്കാൻ സാധിക്കും.
ജെമിനിയും ഗൂഗിൾ വാലറ്റും തമ്മിലുള്ള ഈ പുതിയ സംയോജനം വഴി ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ ഇവയാണ്:
* ലോയൽറ്റി കാർഡുകൾ, ഇവന്റ് ടിക്കറ്റുകൾ, ബോർഡിങ് പാസുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാം.
* പ്ലെയ്ഡ് (Plaid) പോലെയുള്ള സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫിനാൻഷ്യൽ അക്കൗണ്ടുകളിലെ ഇടപാട് ഡാറ്റ അടിസ്ഥാനമാക്കി വിശകലനങ്ങൾ നൽകാം.
* ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ ചുരുക്കരൂപത്തിൽ നൽകുകയും ബജറ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.
* ഗൂഗിൾ വാലറ്റിലെ കാർഡുകളും പാസുകളും അടിസ്ഥാനമാക്കി റിവാർഡുകളും സ്പെഷ്യൽ ഓഫറുകളും പരിശോധിക്കുകയും സംഗ്രഹിക്കുകയും ചെയ്യാം. ഈ ഫീച്ചർ ഘട്ടംഘട്ടമായാണ് ഗൂഗിൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്.
അതിനാൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ ജെമിനിയിൽ ഈ കണക്ടഡ് ആപ്പ് ദൃശ്യമാകുവാൻ അൽപ്പം സമയം എടുത്തേക്കാം. നിലവിൽ യു.എസിലെ പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് വാലറ്റ് ഇന്റഗ്രേഷൻ ലഭ്യമാക്കിയിട്ടുള്ളത്.
ജെമിനിയിൽ ഗൂഗിൾ വാലറ്റ് ഇന്റഗ്രേഷൻ ലഭ്യമാണോ എന്ന് പരിശോധിക്കുന്നതിനായി Settings > Personal Intelligence > Connected Apps എന്ന വിഭാഗം സന്ദർശിക്കാവുന്നതാണ്. ആൻഡ്രോയിഡ് അല്ലെങ്കിൽ ഐ.ഒ.എസ് (iOS) ആപ്പ് വഴിയും വാലറ്റ് ജെമിനിയുമായി ബന്ധിപ്പിക്കാൻ സാധിക്കും.
ജെമിനിയിൽ വാലറ്റ് ഉപയോഗപ്പെടുത്തുന്നതിനായി “@” ചിഹ്നത്തിന് ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ആക്സസ് ചെയ്യാവുന്നതാണ്. പ്ലെയ്ഡ് വഴി ഫിനാൻഷ്യൽ അക്കൗണ്ടുകൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരങ്ങളും ജെമിനിക്ക് ലഭ്യമാകും.
ഉദാഹരണത്തിന്, മാസത്തെ പലവ്യഞ്ജന ചെലവുകളെക്കുറിച്ചുള്ള പെട്ടെന്നുള്ള വിവരങ്ങൾ നൽകാൻ ജെമിനിയോട് ആവശ്യപ്പെടാം. എന്നിരുന്നാലും, വാലറ്റ് ഇടപാടുകൾ വിശകലനം ചെയ്യാനും ലഭ്യമായ ഓഫറുകൾ വേഗത്തിൽ മനസ്സിലാക്കാനും ജെമിനി സഹായിക്കുമെങ്കിലും, ഗൂഗിൾ വാലറ്റിലെ പേയ്മെന്റ് ഓപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താവിന് വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകൾ ഈ എഐ അസിസ്റ്റന്റിന് നേരിട്ട് നടത്താൻ സാധിക്കില്ല.
കൂടാതെ, ലിങ്ക് ചെയ്തിട്ടുള്ള ഫിനാൻഷ്യൽ അക്കൗണ്ടുകളിലേക്ക് നേരിട്ട് പ്രവേശിക്കാനും ഇതിന് കഴിയില്ല. ഭാവിയിൽ ജെമിനിയിൽ നിന്നും വാലറ്റ് അൺലിങ്ക് ചെയ്യുകയാണെങ്കിൽ, മുൻപ് സേവ് ചെയ്യപ്പെട്ട
ഇടപാട് വിവരങ്ങൾ സ്വയം നീക്കം ചെയ്യപ്പെടില്ലെന്നും അവ ഉപയോക്താവ് തന്നെ മാനുവലായി ഡിലീറ്റ് ചെയ്യേണ്ടതുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

