സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവതികളിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വടകര മയ്യന്നൂർ പല്ലുള്ളപറമ്പത്ത് പി.പി.മുഹമ്മദ് നജീർ (30) ആണ് പിടിയിലായത്.
മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളുടെ വടകരയിലെ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. വിവിധ ജില്ലകളിലായി ഏകദേശം 80 പവനിലേറെ സ്വർണം ഇയാൾ തട്ടിയെടുത്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തട്ടിപ്പിന്റെ രീതി
ജൂലൈ മാസത്തിൽ പന്നിയങ്കര കണ്ണഞ്ചേരി സ്വദേശിയായ യുവതി നൽകിയ പരാതിയാണ് കേസിന് ആധാരം. വാട്സാപ്പ് വഴി പരിചയപ്പെട്ട
യുവതിയുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയും, ആഭരണങ്ങൾ സ്കാൻ ചെയ്താൽ സമാനമായ കൂടുതൽ ആഭരണങ്ങൾ നിർമിക്കാമെന്നും അതുവഴി വരുമാനം ലഭിക്കുമെന്നും വിശ്വസിപ്പിക്കുകയുമായിരുന്നു. തുടർന്ന് അരയിടത്തുപാലത്തെ ജ്വല്ലറിക്ക് സമീപം വിളിച്ചുവരുത്തി യുവതിയുടെ 15 പവൻ സ്വർണം കൈക്കലാക്കി ഇയാൾ കടന്നുകളഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാൾ വടകരയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം രാത്രിയോടെ വീട് വളയുകയായിരുന്നു.
പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ വീടിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും, പൊലീസ് വാതിൽ തകർത്ത് അകത്തുകയറി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. മറ്റ് തട്ടിപ്പുകൾ
പ്രതി സമാനമായ രീതിയിൽ മറ്റ് സ്റ്റേഷൻ പരിധികളിലും തട്ടിപ്പുകൾ നടത്തിയതായി മൊഴി നൽകിയിട്ടുണ്ട്.
2025 മേയ് മാസത്തിൽ പട്ടാമ്പിയിൽ വച്ച് മൂന്നംഗ സംഘത്തിനൊപ്പം ചേർന്ന് യുവതിയുടെ 35 പവൻ സ്വർണം തട്ടിയെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു. വളയത്ത് നിന്ന് 5 പവനും, തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് വിവാഹവാഗ്ദാനം നൽകി യുവതിയുടെ 25 പവൻ സ്വർണവും ഇയാൾ തട്ടിയെടുത്തു.
ഇൻസ്പെക്ടറെ കൂടാതെ എസ്ഐമാരായ യൂനസ്, കെ.രമേശ്, സജി മനിയേടത്ത്, എഎസ്ഐ പ്രേമൻ, എസ്സിപിഒ ബൈജു തേറമ്പത്ത്, സിപിഒ അനഘ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

