ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം ഒരു വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് എതിർ സ്ഥാനാർത്ഥിയുടെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ കെ ആർ പെരിയകറുപ്പൻ നൽകിയ ഹർജിയാണ് കോടതി തള്ളിക്കളഞ്ഞത്.
പെരിയകറുപ്പന്റെ ഹർജി തള്ളണമെന്ന ടിവികെ എംഎൽഎ ആർ ശ്രീനിവാസ സേതുപതിയുടെ ആവശ്യം പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്താണ് ഡിഎംകെ സ്ഥാനാർഥിയായിരുന്ന കെ ആർ പെരിയകറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്.
ടിവികെ സ്ഥാനാർഥിയായ ആർ ശ്രീനിവാസ സേതുപതിയും ഡിഎംകെ സ്ഥാനാർഥിയായ കെ ആർ പെരിയകറുപ്പനും തമ്മിലായിരുന്നു തിരുപ്പത്തൂരിലെ പ്രധാന മത്സരം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ശ്രീനിവാസ സേതുപതിയ്ക്ക് 83,375 വോട്ടുകളും, പെരിയകറുപ്പന് 83,374 വോട്ടുകളുമാണ് ലഭിച്ചത്.
ഒരേയൊരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട പെരിയകറുപ്പന് പകരം ശ്രീനിവാസ സേതുപതി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
തുടർന്നാണ് ടിവികെ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെരിയകറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. പോസ്റ്റൽ വോട്ടെണ്ണലിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഗുരുതരമായ പിഴവ് സംഭവിച്ചതായും അദ്ദേഹം ആരോപിച്ചു.
തിരുപ്പത്തൂർ മണ്ഡലത്തിലേക്കുള്ള ഒരു പോസ്റ്റൽ വോട്ട് സമാനപേരിലുള്ള ജില്ലയിലെ മറ്റൊരു മണ്ഡലത്തിലേക്ക് മാറി അയച്ചെന്നായിരുന്നു പെരിയകറുപ്പന്റെ പ്രധാന ആരോപണം. ഈ പോസ്റ്റൽ വോട്ട് തിരികെ യഥാർഥ മണ്ഡലത്തിലേക്ക് അയക്കുന്നതിന് പകരം, റിട്ടേണിങ് ഓഫീസർ വോട്ട് റദ്ദാക്കുകയാണ് ചെയ്തതെന്നും ഡിഎംകെ നേതാവ് ഹർജിയിൽ വ്യക്തമാക്കി.
ഈ ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസിൽ അന്തിമ വിധി വരുന്നത് വരെ ടിവികെ എംഎൽഎയായ ആർ ശ്രീനിവാസ സേതുപതി നിയമസഭയിലെ വോട്ടെടുപ്പുകളിൽ പങ്കെടുക്കരുതെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.
എന്നാൽ ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ് പിന്നീട് സുപ്രീം കോടതി റദ്ദാക്കുകയാണുണ്ടായത്. ഇതിനിടെ പെരിയകറുപ്പന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ടിവികെ എംഎൽഎയും കോടതിയെ സമീപിച്ചിരുന്നു.
പെരിയകറുപ്പൻ ഉന്നയിച്ച പോസ്റ്റൽ വോട്ട് സംബന്ധമായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തിരുപ്പത്തൂർ ജില്ലയിലേക്ക് അയച്ചെന്ന് പറയുന്ന പോസ്റ്റൽ വോട്ടിൽ അതേ ജില്ലയിലെ മണ്ഡലത്തിന്റെ പേരും നമ്പരുമാണ് രേഖപ്പെടുത്തിയിരുന്നതെന്നും, ഇത് ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിന്റേതല്ലെന്നും എംഎൽഎ കോടതിയിൽ വ്യക്തമാക്കി.
ഈ വാദങ്ങൾ മുഖവിലക്കെടുത്താണ് മദ്രാസ് ഹൈക്കോടതി ഇപ്പോൾ ഹർജി തള്ളിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

