മലയാളത്തിന്റെ പ്രമുഖ താരം പൃഥ്വിരാജും ബോളിവുഡ് നായിക കരീന കപൂറും മുഖ്യ വേഷങ്ങളിൽ എത്തുന്ന പുതിയ ഹിന്ദി ചിത്രം ‘ദായ്റ’ റിലീസിനൊരുങ്ങുന്നു. ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായിക മേഘ്ന ഗുൽസറാണ്.
റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം മേഘ്ന ഗുൽസർ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ ഡിസിപി രമൺ കുമാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
ഡിസിപി അജൂനി എന്ന കഥാപാത്രമായി കരീന കപൂറും ഒപ്പമുണ്ട്. വരും സെപ്റ്റംബർ 18 നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്ന ട്രെയ്ലറുകൾക്കും മറ്റ് അപ്ഡേറ്റുകൾക്കും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ-ത്രില്ലർ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചനകൾ.
ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ സിനിമയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘ദായ്റ’യുടെ മുഖ്യ പ്രമേയം.
ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു പൊലീസ് വേഷത്തിൽ ബിഗ് സ്ക്രീനിൽ എത്തുന്നത് എന്നത് ആരാധകർക്കിടയിലും വലിയ പ്രതീക്ഷ സൃഷ്ടിക്കുന്നുണ്ട്. സംവിധായിക മേഘ്ന ഗുൽസാറിനൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണമെന്ന് താൻ ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മേഘ്ന ഗുൽസാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്ന് ചിത്രം ലോഞ്ച് ചെയ്ത വേളയിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു. ചിത്രത്തിന്റെ പിആർഒ സതീഷ് എരിയാളത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

