നീലേശ്വരം മടിക്കൈ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസിയായിരുന്ന പൊക്കൻ (81) അന്തരിച്ചപ്പോൾ അന്ത്യകർമങ്ങൾ നിർവഹിക്കാൻ ബന്ധുക്കൾ ആരും എത്തിയില്ല. തുടർന്ന് പൊക്കന്റെ ചിതയ്ക്ക് തീകൊളുത്തിയത് പുനരധിവാസ കേന്ദ്രം അഡ്മിനിസ്ട്രേറ്ററായ സുസ്മിത എം.ചാക്കോ ആണ്.
ഒരു മകളുടെ സ്ഥാനത്ത് നിന്നുകൊണ്ട് സുസ്മിത, എരിക്കുളത്തെ വാതകശ്മശാനത്തിൽ നടന്ന മരണാനന്തര ചടങ്ങുകളിൽ പൂർണ്ണമായും പങ്കാളിയാകുകയായിരുന്നു. നീലേശ്വരം കാര്യംകോട് ചാത്തമത്ത് സ്വദേശിയാണ് അന്തരിച്ച പൊക്കൻ.
മന്നംപുറത്ത് കാവ് പരിസരത്ത് തെരുവിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഒന്നര വർഷം മുൻപു പൊലീസ് ഇടപെട്ടാണു മലപ്പച്ചേരിയിലെ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. പൊക്കൻ മരിച്ച വിവരം ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടും മൃതദേഹം ഏറ്റുവാങ്ങാനോ അന്ത്യകർമങ്ങൾ നടത്താനോ അവർ തയാറായില്ല എന്ന് സുസ്മിത എം.
ചാക്കോ വ്യക്തമാക്കി.

