പരമ്പരാഗത മൺപാത്ര നിർമാണത്തിന്റെ സവിശേഷതകളും കളിമണ്ണിൽ രൂപങ്ങൾ തീർക്കുന്നതിന്റെ കൗതുകവും അടുത്തറിയാൻ അവസരമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചട്ടീം കലോം മൺപാത്ര നിർമാണ ശിൽപശാല ഏറെ ശ്രദ്ധ ആകർഷിച്ചു. കണ്ണപുരം മൊട്ടമ്മൽ സ്വദേശി മാക്കൂട്ടം ബാലൻ പരിപാടിക്ക് നേതൃത്വം നൽകി.
മൺപാത്ര നിർമാണത്തിന് ആവശ്യമായ കളിമണ്ണ് ശേഖരിക്കുന്നത് മുതൽ, അത് വിവിധ രൂപങ്ങളിലേക്ക് മാറ്റിയെടുക്കുന്നത് വരെയുള്ള നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ അദ്ദേഹം പങ്കാളികൾക്ക് വിശദീകരിച്ചു നൽകി. ശിൽപശാലയിൽ ജില്ലാ കലക്ടർ പി.വിഷ്ണുരാജും മൺപാത്ര നിർമാണത്തിൽ നേരിട്ട് പങ്കാളിയായി.
പാരമ്പര്യ കലാരൂപങ്ങളെയും പ്രാദേശിക കഴിവുകളെയും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനായി വരും ദിവസങ്ങളിലും സമാനമായ രീതിയിലുള്ള കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. നഗരത്തിലെ പൊതുയിടങ്ങൾ സർഗാത്മക പരിപാടികളിലൂടെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപശാലയും സംഘടിപ്പിച്ചത്.
ഇതിന്റെ തുടർച്ചയെന്നോണം, വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കലക്ടറേറ്റ് ആംഫി തിയറ്റർ പരിസരത്ത് ഇടം പുസ്തക ചർച്ച സംഘടിപ്പിച്ചിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതിയായ ഡിസിഐപിയുടെ നേതൃത്വത്തിലാണ് ഇത്തരം പരിപാടികൾ ഏകോപിപ്പിച്ചു വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

