റുപേയ് കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ഉപയോക്താക്കൾക്ക് ഇനി മുതൽ കാർഡ് വിവരങ്ങൾ നൽകേണ്ടി വരില്ല. സ്മാർട്ട്ഫോണുകളിൽ എൻഎഫ്സി (നിയർ ഫീൽഡ് കമ്യൂണിക്കേഷൻ) സാങ്കേതികവിദ്യ ലഭ്യമാണെങ്കിൽ, കാർഡ് ഫോണിൽ സ്പർശിച്ചുകൊണ്ട് പേയ്മെന്റുകൾ അതിവേഗം പൂർത്തിയാക്കാൻ സാധിക്കും.
കാർഡ് വിവരങ്ങളും ഒടിപിയും നൽകേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. പരമാവധി 5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് പിൻ നൽകുവാൻ പോലും ആവശ്യമുണ്ടാകില്ല.
മുംബൈയിൽ വെച്ച് സമാപിച്ച ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് വേദിയിലാണ് ഈ നൂതന ഫീച്ചറുകൾ ഔദ്യോഗികമായി അവതരിപ്പിച്ചത്. ഈ സേവനങ്ങൾ വളരെ വേഗത്തിൽ തന്നെ പൊതുജനങ്ങൾക്കായി ലഭ്യമായി തുടങ്ങും.
പുതിയ മറ്റ് പ്രധാന ഫീച്ചറുകൾ: ∙ സ്മാർട്ട്ഫോൺ മെട്രോ കാർഡായി: മെട്രോ യാത്രകളിൽ ഫിസിക്കൽ കാർഡിന് പകരം സ്മാർട്ട്ഫോൺ തന്നെ സ്മാർട്ട് കാർഡാക്കി മാറ്റാൻ സാധിക്കും. മെട്രോ ഗേറ്റിൽ ഫോൺ തൊടുവിച്ചാൽ മാത്രം മതിയാകും.
നിലവിലുള്ള സംവിധാനങ്ങളിൽ ആപ്പ് തുറന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതുണ്ടായിരുന്നുവെങ്കിൽ, എൻഎഫ്സി പിന്തുണയുള്ള ഫോണുകളിൽ ആപ്പ് തുറക്കേണ്ട ആവശ്യമില്ല.
ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത സാഹചര്യങ്ങളിലും ഈ സംവിധാനം പ്രവർത്തിക്കും. ∙ ഒടിപിക്ക് പകരം ബയോമെട്രിക്: റുപേയ് കാർഡ് ഇടപാടുകളിൽ ഒടിപി നൽകുന്ന രീതിക്ക് പകരമായി ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫെയ്സ് ഒതന്റിക്കേഷൻ ഉപയോഗിക്കാം.
ഇത് വഴി ഒടിപി തട്ടിപ്പുകൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. ∙ യുപിഐ വഴി റുപേയ്: റുപേയ് കാർഡുകൾ യുപിഐ ആപ്പുകളുമായി ബന്ധിപ്പിക്കുന്ന സൗകര്യം നിലവിലുണ്ടെങ്കിലും ഇന്ത്യയിൽ മാത്രമായിരുന്നു ഇത് ഉപയോഗിക്കാൻ സാധിച്ചിരുന്നത്.
എന്നാൽ ഈ സേവനം അധികം വൈകാതെ ഫ്രാൻസ്, മൊറീഷ്യസ്, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിലും ലഭ്യമാകും. ഫലത്തിൽ വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് റുപേയ് കാർഡിലെ തുക യുപിഐ വഴി നേരിട്ട് ചെലവഴിക്കാനാകും.
∙ യൂണിഫൈഡ് ടിക്കറ്റിങ് പ്ലാറ്റ്ഫോം: മെട്രോ സർവീസുകൾക്കും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമായി ഏകീകൃത ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം നിലവിൽ വരുന്നു. ഇതിന്റെ പ്രാരംഭ പരീക്ഷണങ്ങൾ ചെന്നൈ മെട്രോയിൽ ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

