തിരുവനന്തപുരം ചേന്തിയിൽ സംഘടിപ്പിച്ച ചതയ ദിന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇയാളെ നീക്കം ചെയ്തത്.
കെ പി സി സി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് തിരുവനന്തപുരം ഡി സി സി അധ്യക്ഷൻ എൻ ശക്തൻ ഈ കടുത്ത നടപടി സ്വീകരിച്ചത്. അറസ്റ്റിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് തർക്കമാണെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതല്ലെന്നുമുള്ള ചേന്തി അനിലിന്റെ ന്യായീകരണങ്ങൾ പാർട്ടി നേതൃത്വം പൂർണ്ണമായി തള്ളി.
മുഖ്യമന്ത്രിയെ പോലുള്ള ഒരു ഉന്നത നേതാവിന്റെ വാഹനം വഴിയിൽ തടഞ്ഞു നിർത്തുകയും വെല്ലുവിളിക്കുകയും ചെയ്തത് ഗൗരവകരമായ അച്ചടക്ക ലംഘനമായാണ് നേതൃത്വം വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിൽ നടപടിയെടുക്കാൻ കെ പി സി സി നിർദ്ദേശം നൽകിയത്.
മുൻനിര നേതാക്കളോ പാർട്ടിലെ വിവിധ ഗ്രൂപ്പുകളോ അനിലിന് പിന്തുണയുമായി എത്തിയിട്ടില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്. എന്നാൽ, പ്രതിക്കെതിരെയുള്ള വിവിധ കേസുകളും വിവാദപരമായ നടപടികളുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായതെന്നും ചില നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചേന്തി അനിൽ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ശ്രീകാര്യം സ്റ്റേഷനിലാണ് നിലവിലെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിയെ അപമാനിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് വാഹനം തടഞ്ഞതെന്നും കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും പൊലീസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

