കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർണായക നീക്കത്തിന്റെ ഭാഗമായി, പത്തുശതമാനം എഥനോൾ അടങ്ങിയ ഇ10 പ്രീമിയം പെട്രോൾ വീണ്ടും വിപണിയിൽ ലഭ്യമാക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള പ്രീമിയം ബ്രാൻഡുകളായ സ്പീഡ്, എക്സ്പി 95, പവർ 95 എന്നിവയുടെ മാതൃകയിൽ ഇ10 പെട്രോൾ പൊതുവിപണിയിലെത്തിക്കാനാണ് ആലോചന.
ഇതുമായി ബന്ധപ്പെട്ട് പൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം എന്നിവയുമായി മന്ത്രാലയം പ്രാഥമിക ഘട്ട ചർച്ചകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
വാഹന നിർമാതാക്കൾ 2023 ഏപ്രിൽ മുതൽ ഇ20 ഇന്ധനത്തിന് അനുയോജ്യമായ വാഹനങ്ങൾ മാത്രമാണ് വിപണിയിൽ ഇറക്കിത്തുടങ്ങിയത്. ഇതിനുമുൻപ് നിർമിച്ച പഴയ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് എൻജിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വാഹന ഉടമകൾക്കിടയിൽ വ്യാപകമാണ്.
പൊതുജനങ്ങളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇ20 ഇന്ധനത്തിനൊപ്പം ഇ10 പെട്രോൾ കൂടി വിപണിയിൽ നിലനിർത്താൻ കേന്ദ്രസർക്കാർ പുതിയ നടപടികളിലേക്ക് കടന്നിരിക്കുന്നത്. എന്നാൽ, ഇ20 പെട്രോൾ വിതരണത്തിനായി ഇതിനകം മാറ്റങ്ങൾ വരുത്തിയ ഇന്ധന പമ്പുകളിൽ ഇ10 എത്തിക്കുന്നതിന് പുതിയ ടാങ്കുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കാം.
ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണം, നിലവിൽ പ്രീമിയം പെട്രോൾ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ടാങ്കുകൾ തന്നെ ഇ10 വിതരണത്തിനും പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ ആലോചന. ഈ രീതി ഏറെ എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് പെട്രോളിയം ഡീലർമാരും സാക്ഷ്യപ്പെടുത്തുന്നു.
ഇ20 ഇന്ധനത്തിന്റെ ഉപയോഗം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനാൽ, സാധാരണ പെട്രോളാക്കാൾ വില കൂടുതലാണെങ്കിലും പ്രീമിയം ഇന്ധനം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. നിലവിലുള്ള പ്രീമിയം പെട്രോളിലും 20 ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടെങ്കിലും, എൻജിന്റെ ആയുസ്സ് വർധിപ്പിക്കുന്നതിനും ജ്വലനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക അഡിറ്റീവുകൾ ഇതിൽ ചേർക്കുന്നുണ്ട്.
കൂടാതെ, ആഡംബര വാഹനങ്ങൾക്കായി എഥനോളിന്റെ അളവ് ഒട്ടും ഇല്ലാത്ത ഒക്ടേൻ 100 പെട്രോളും വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

