പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കെ, നിർണായക രാഷ്ട്രീയ നീക്കവുമായി മുസ്ലിം ലീഗ് രംഗത്ത്. ചരിത്രപ്രസിദ്ധമായ അച്യുതമേനോൻ മന്ത്രിസഭ മുസ്ലിം ലീഗിന്റെയും സിപിഐയുടെയും രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ ലിപികളിലെഴുതിയ താളുകളാണെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ കെ.പി.എ മജീദ് ‘ചന്ദ്രിക’യിൽ എഴുതിയ ലേഖനം പുറത്തുവന്നു.
സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാകുന്നതിനിടയിലാണ് മുസ്ലിം ലീഗിന്റെ ഈ ഇടപെടൽ. മുസ്ലിം ലീഗും കോൺഗ്രസും സിപിഐയും ഒന്നിച്ച് കേരളം ഭരിച്ചപ്പോഴാണ് സംസ്ഥാനം ഒന്നാമതെത്തിയതെന്നും ലേഖനത്തിൽ കെ.പി.എ മജീദ് ഓർമ്മിപ്പിക്കുന്നു.
സിപിഎമ്മിന്റെ രാഷ്ട്രീയ വലയിൽ അകപ്പെട്ടതോടെ മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി സ്ഥാനമോ ലഭിക്കാതെ സിപിഐ സ്വയം തരംതാണുപോയെന്നും, സിപിഎം മുന്നണിയിൽ ‘തമ്പ്രാൻ കളി’യാണ് നടത്തുന്നതെന്നും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. എന്നാൽ, ഈ ലേഖനം സിപിഐക്ക് മുന്നണിയിലേക്കുള്ള ഔദ്യോഗിക ക്ഷണമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുതിർന്ന നേതാവ് പി.കെ.
കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “പാർട്ടിയിൽ ഈ വിഷയം ആലോചിച്ചിട്ടില്ല. കെ.പി.എ മജീദിന്റെത് അക്കാദമിക് പോയിന്റ് ഓഫ് വ്യൂവിൽ ഉള്ള ലേഖനമാണ്.
പാർട്ടി ചർച്ച ചെയ്ത് തീരുമാനം ആയാലെ പറയാൻ പറ്റു. ഇത് ഒരു വൺ സൈഡ് അല്ല.
രണ്ട് കൂട്ടരും ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്.
ലീഗും സിപിഐയും ഒരുമിച്ചപ്പോൾ ഉണ്ടായിരുന്നത് നല്ല കാലമായിരുന്നു.” അതേസമയം, ഇത് മുന്നണി മാറ്റത്തിനുള്ള ക്ഷണവുമല്ലെന്ന് വ്യക്തമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. സിപിഐയുടെ പ്രതാപകാലവും മുസ്ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടങ്ങളും മാത്രമാണ് ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“ക്ഷണം എന്ന വാക്ക് ലേഖനത്തിൽ ഇല്ല. ഇടതുപക്ഷ മുന്നണിയിൽ സിപിഐ അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിൽ പറയുന്നത്.
സിപിഐയുടെ പഴയ പ്രതാപവും, മുസ്ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടവും ആണ് അതിൽ പറഞ്ഞത്. ആ പ്രയാസങ്ങൾ ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്.
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ല.
102 സീറ്റുമായ് അധികാരത്തിൽ നിൽക്കുന്ന മുന്നണിയാണ്. മാത്രമല്ല മുസ്ലിം ലീഗ് അല്ല പാർട്ടികളെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടത്,” പി.എം.എ സലാം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

