ആലപ്പുഴയിൽ നഗരസഭയുടെ കനാൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എടുത്ത കുഴിയിൽ സൈക്കിൾ സഹിതം വീണ് കീബോർഡ് ആർട്ടിസ്റ്റ് ദാരുണമായി മരിച്ചു. മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ് (66) ആണ് അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്.
കണ്ണൻ വർക്കി പാലത്തിന് പടിഞ്ഞാറ് വാണിജ്യത്തോടിന്റെ വടക്കേക്കരയിൽ ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് കളർകോട്ടെ ബന്ധുവീട്ടിലെ ചടങ്ങിൽ സംബന്ധിച്ച ശേഷം സൈക്കിളിൽ മംഗലത്തെ വസതിയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
കനാൽ തീരത്ത് സംരക്ഷണ ഭിത്തിയും പടികളും നിർമിക്കുന്നതിനായി രണ്ടാൾ താഴ്ചയിലാണ് ഇവിടെ കുഴിയെടുത്തിരുന്നത്. ബീച്ചിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും വന്നുപോകുന്ന അതീവ തിരക്കേറിയ പ്രദേശമാണിത്.
എന്നാൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു റിബൺ കെട്ടി തിരിക്കുകയല്ലാതെ മറ്റ് മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇവിടെ ഏർപ്പെടുത്തിയിരുന്നില്ല. ഈ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് മഹേഷ് സഞ്ചരിച്ചിരുന്ന സൈക്കിൾ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കാൻ കാരണമായത്.
വീഴ്ചയുടെ ആഘാതത്തിൽ സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ മുഖവും തലയും ശക്തമായി ഇടിച്ചതിനെ തുടർന്ന് മഹേഷിന്റെ മുഖം പൂർണമായി ചതഞ്ഞരഞ്ഞിരുന്നു. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്തെത്തിയ നോർത്ത് പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രശസ്ത കഥിക ആലപ്പി ബീനയാണ് പരേതന്റെ ഭാര്യ. ശിൽപ, നോയൽ (ഉദ്യോഗസ്ഥൻ, ഭാരത് പെട്രോളിയം, എറണാകുളം) എന്നിവരാണ് മക്കൾ.
മരുമകൻ: രാജേഷ്.

