പ്രമുഖ താരങ്ങളായ പൃഥ്വിരാജും കരീന കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ഹിന്ദി ചിത്രം ‘ദായ്റ’ തിയേറ്ററുകളിലെത്തുന്നു. ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്ത മേഘ്ന ഗുൽസാറാണ് ഈ സിനിമയുടെയും സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 18 ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലർ ഓഗസ്റ്റ് 31 ന് പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ചയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്റയുടെ പ്രധാന പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു പൊലീസ് വേഷത്തിൽ എത്തുന്നത് എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.
സംവിധായിക മേഘ്ന ഗുൽസാറിനോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണമെന്ന് താൻ ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും താരം പറഞ്ഞു. മേഘ്ന ഗുൽസാറിന്റെ സംവിധാന മികവിലും, ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു പ്രതിഭാധനയായ നടിയോടൊപ്പം പ്രവർത്തിക്കുന്നതും തനിക്ക് ലഭിച്ച മികച്ചൊരു അനുഭവമായിരിക്കുമെന്ന് ചിത്രം ലോഞ്ച് ചെയ്ത വേളയിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ചിത്രത്തിന്റെ പി.ആർ.ഒ സതീഷ് എരിയാളത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

