ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സുപ്രധാന സ്വതന്ത്ര വ്യാപാരക്കരാർ നാളെ മുതൽ നിലവിൽ വരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധത്തിൽ പുതിയ അധ്യായം കുറിക്കുന്ന ഈ കരാറിലൂടെ, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 99% ഉൽപന്നങ്ങൾക്കും ബ്രിട്ടൻ ഘട്ടംഘട്ടമായി തീരുവ ഒഴിവാക്കും.
ഇതിന് പകരമായി, ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 90% ഉൽപന്നങ്ങളുടെയും തീരുവ ഇന്ത്യയും കുറയ്ക്കുന്നുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ ഇതിൽ 85% ഇനങ്ങളും പൂർണമായും തീരുവ രഹിതമാകും.
വാഹന വിപണിയിൽ വലിയ മാറ്റങ്ങൾക്കാണ് ഈ കരാർ കളമൊരുക്കുന്നത്. നിലവിൽ 110% വരെയായിരുന്ന ആഡംബര വാഹനങ്ങളുടെ ഇറക്കുമതി തീരുവ, നിശ്ചിത ക്വോട്ട
അടിസ്ഥാനത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. ഇതിന്റെ ഫലമായി ജാഗ്വർ ലാൻഡ് റോവർ, ആസ്റ്റൻ മാർട്ടിൻ, റോൾസ് റോയ്സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ വിലയിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
കൂടാതെ, ബ്രിട്ടനിൽ നിന്നുള്ള സ്കോച്ച് വിസ്കി, ജിൻ എന്നിവയുടെ തീരുവ അടുത്ത 10 വർഷത്തിനുള്ളിൽ 150 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയും. ബ്രാണ്ടി, റം, വോഡ്ക, ടെക്കീല, കോർഡിയൽ തുടങ്ങിയവയുടെ തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായും കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തൊഴിൽ മേഖലയിലും കരാർ വലിയ സ്വാധീനം ചെലുത്തും. 1,800 ഇന്ത്യൻ ഷെഫുമാർ, യോഗ അധ്യാപകർ, ശാസ്ത്രീയ സംഗീതജ്ഞർ എന്നിവർക്ക് താൽക്കാലികമായി ബ്രിട്ടനിലേക്ക് സേവനത്തിനായി പോകാൻ അവസരം ലഭിക്കും.
ഇന്ത്യൻ കമ്പനികളിലെ ജീവനക്കാരെ ബ്രിട്ടനിലെ ശാഖകളിലേക്ക് മാറ്റുമ്പോൾ (ഇൻട്ര–കോർപറേറ്റ് ട്രാൻസഫറീസ്–ഐസിടി) മൂന്ന് വർഷത്തെ വീസ അനുവദിക്കും. ഇതിനുപുറമെ, ജീവനക്കാരുടെ ജീവിതപങ്കാളിക്ക് തൊഴിൽ വീസ ലഭിക്കാനും കരാർ വഴിയൊരുക്കുന്നു.
രാജ്യത്തെ കർഷകരുടെ താൽപ്പര്യം മുൻനിർത്തി ക്ഷീരമേഖല, പച്ചക്കറി, ആപ്പിൾ, ഭക്ഷ്യ എണ്ണ, അരി തുടങ്ങിയ ഇനങ്ങളിലെ തീരുവയിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തിയിട്ടില്ല. അതേസമയം, നിലവിൽ 20% വരെയായിരുന്ന സമുദ്രോൽപന്നങ്ങളുടെ തീരുവ പൂജ്യമാക്കുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ തീരുവ ഒഴിവാക്കുന്നതും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വലിയ നേട്ടമായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

