ഇന്ത്യയിൽ നിർമിക്കുന്ന റഷ്യൻ നിർമിത എകെ-203 അസോൾട്ട് റൈഫിളുകൾക്കായുള്ള തിരകൾ ഇനി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് നിർമിച്ചുനൽകും. ഇത് സംബന്ധിച്ച സുപ്രധാനമായ അഞ്ച് വർഷത്തെ കരാറിലാണ് അദാനി ഡിഫൻസും റൈഫിളുകൾ നിർമിക്കുന്ന ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡും (ഐആർആർപിഎൽ) തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്.
ഇന്ത്യ-റഷ്യ സർക്കാരുകൾ തമ്മിലുള്ള ഉഭയകക്ഷി ധാരണപ്രകാരം 2019-ലാണ് ഐആർആർപിഎൽ നിലവിൽ വന്നത്. ഇന്ത്യൻ കരസേനയ്ക്കായി അത്യാധുനിക എകെ-203 റൈഫിളുകൾ നിർമിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യൻ കമ്പനികളായ അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ, മ്യൂണിഷൻസ് ഇന്ത്യ എന്നിവയും റഷ്യൻ സ്ഥാപനങ്ങളായ കൺസേൺ കലാഷ്നികോവ്, റോസോബോറോൺ എക്സ്പോർട്ട് എന്നിവയും ചേർന്നുള്ള ഒരു സംയുക്ത സംരംഭമാണ് ഐആർആർപിഎൽ. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ കോർവയിലാണ് റൈഫിൾ നിർമാണ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
മൊത്തം 6.01 ലക്ഷം എകെ-203 റൈഫിളുകൾ നിർമിച്ചു നൽകുന്നതിനായി 2021-ലാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഐആർആർപിഎലിന് കരാർ നൽകിയത്. പ്രതിരോധ മേഖലയിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ‘ആത്മനിർഭർ’ ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം.
റൈഫിളിന്റെ മുന്തിയ പങ്കും പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ചാണ് ഇവിടെ നിർമിക്കുന്നത്. കാൺപുരിലാണ് അദാനി ഡിഫൻസിന്റെ അത്യാധുനിക ഫാക്ടറി പ്രവർത്തിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ക്യാംപെയ്നും കൂടുതൽ കരുത്തുപകരുന്നതാണ് ഈ പുതിയ കരാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

