നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ പരാതി നൽകിയ സംഭവത്തിന് പിന്നാലെ, തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും തേജോവധ ശ്രമങ്ങളിലും പ്രതികരണവുമായി നടി അൻസിബ ഹസൻ രംഗത്ത്. താൻ നേരിടുന്ന മാനസിക സംഘർഷങ്ങളും വെല്ലുവിളികളും വിവരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രം അൻസിബ ഫേസ്ബുക്കിൽ പങ്കുവെച്ചത്. “ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആ സ്നേഹവും കരുതലും ഒരുപോലെയെന്നാണ്” താരം കുറിച്ചത്.
തനിക്ക് പിന്തുണയുമായി മോഹൻലാൽ ഒപ്പമുണ്ടെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ താരം നൽകുന്നത്. നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളിൽ അത്യന്തം വേദനിപ്പിക്കുന്ന വിവരങ്ങളാണ് അൻസിബ പങ്കുവെച്ചിരുന്നത്.
“എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി.
ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’.” തുടർന്നും താൻ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് താരം വ്യക്തമാക്കുന്നു: “ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി.
മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു.
കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി പിആര് ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു.
ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം.
പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.” നിയമനടപടികളിൽ പൂർണ്ണ വിശ്വാസമർപ്പിച്ചാണ് താൻ മുന്നോട്ട് പോകുന്നതെന്നും അൻസിബ കൂട്ടിച്ചേർത്തു. “ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്.
നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും.
ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

