വയനാട് ജില്ലയിലെ വടുവഞ്ചാൽ എസ്റ്റേറ്റ് വനമേഖലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും സുരക്ഷിതമായി കണ്ടെത്തി. താമരശ്ശേരിയിൽ നിന്ന് കാണാതായ ഇവർക്കായി രാത്രി വൈകിയും നടത്തിയ തിരച്ചിലിനൊടുവിലാണ് സംഘത്തെ കണ്ടെത്താൻ സാധിച്ചത്.
കാണാതായവരിൽ ഒരാളെ നേരത്തെ തന്നെ വടുവഞ്ചാൽ എസ്റ്റേറ്റ് പരിസരത്ത് വെച്ച് നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വനത്തിൽ കുടുങ്ങിയ പെൺകുട്ടിയെയും മറ്റൊരാളെയും രാത്രി 11 മണിയോടെ കണ്ടെത്താനായത്.
വടകര കുരിക്കലാട് സ്വദേശികളാണ് ഇവർ. വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് ഇവർ സംഘമായി എത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
നാട്ടുകാരെ കണ്ട ഉടനെ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയും യുവാവും പരിഭ്രാന്തരായി എസ്റ്റേറ്റിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.
കാട് കാണുന്നതിനിടെ ഇവരിലൊരാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതും തിരിച്ചിറങ്ങുന്ന വഴിയിൽ ദിശ തെറ്റിയതുമാണ് ഇവർ ഉൾക്കാട്ടിൽ അകപ്പെടാൻ കാരണമായതെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി. രാത്രി വനത്തിനുള്ളിൽ നിന്ന് ശബ്ദവും വെളിച്ചവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ പരിശോധനയാണ് വിജയകരമായത്.
കണ്ടെത്തിയ മൂന്ന് പേർക്കും പ്രാഥമിക ചികിത്സ ലഭ്യമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

