ഒമാനിൽ ആകർഷകമായ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും വൻ തുക തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. വടകര പറയുള്ളതിൽ വീട്ടിൽ ലതാ സുനിൽ (59) എന്നയാളെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
ആറാട്ടുതറ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയായ ഇവർ പിടിയിലായത്. ഒമാനിലെ അൽ ഐനിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് മാസം 70,000 രൂപ ശമ്പളത്തിൽ സെയിൽസ്മാൻ തസ്തികയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തത്.
പരാതിക്കാരന്റെ സുഹൃത്തുക്കളായ 21 പേർ ഉൾപ്പെടെ ആകെ 51-ഓളം ആളുകളിൽ നിന്നാണ് വിസയുടെ ചെലവിലേക്കായി 65,000 രൂപ മുതൽ 75,000 രൂപ വരെ ബാങ്ക് അക്കൗണ്ടുകൾ വഴി പ്രതി കൈക്കലാക്കിയത്. 2025 ജനുവരി മാസത്തിലായിരുന്നു ഈ സംഭവം നടന്നത്.
മാസങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത വിസയോ നൽകിയ പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് ബാധിതർ പോലീസിനെ സമീപിച്ചത്. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി നൽകിയിരുന്ന മേൽവിലാസത്തിൽ കഴിഞ്ഞ 10 വർഷമായി ഇവർ താമസമില്ലെന്ന് പോലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി വ്യക്തമായതോടെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. ഇതിനിടയിലാണ് മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവരെ വെള്ളിയാഴ്ച പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.
ഈ തട്ടിപ്പ് ശൃംഖലയിൽ കൂടുതൽ ഇരകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തട്ടിപ്പ് തിരിച്ചറിയാതെ ഇനിയും പലരും വിസയ്ക്കായി കാത്തിരിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ കെ. സിൻഷ, പി.ജെ.
റെജി, എ.എസ്.ഐ സി.വി. ഗീത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റയീസ്, ടൈറ്റസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

