കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വെച്ച് വിദ്യാർത്ഥി സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ കയ്യേറ്റത്തിലും അതിക്രമത്തിലും ഔദ്യോഗികമായി പരാതി നൽകി സാങ്കേതിക സർവകലാശാല വൈസ് ചാൻസലറും കാലടി സർവകലാശാലയുടെ താൽക്കാലിക ചുമതല വഹിക്കുന്നയാളുമായ സിസ തോമസ്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ദേഹോപദ്രവമേൽപ്പിച്ചെന്നും കാണിച്ച് പരാതി സമർപ്പിച്ചിരിക്കുന്നത്.
സർവകലാശാലാ ക്യാമ്പസിൽ വെച്ച് ഒരു സംഘം വിദ്യാർത്ഥികൾ തന്നെയും ഒപ്പമുണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളെയും പേഴ്സണൽ സ്റ്റാഫിനെയും കയ്യേറ്റം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തിയതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പുറമെ പുറത്തുനിന്നുള്ളവരും അക്രമത്തിൽ പങ്കാളികളായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിസ തോമസ് ഗവർണറെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു.
സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും തങ്ങൾക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും ആവശ്യമായ സുരക്ഷയൊരുക്കാനോ മുൻകരുതലുകൾ സ്വീകരിക്കാനോ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിവിധ അധികാരികൾക്ക് പരാതി കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

