ബിജെപിക്കു തന്നെ വേണ്ട എന്നു തോന്നിയതിനാലാണ് പാർട്ടിയിൽനിന്നു രാജി വയ്ക്കുന്നതെന്ന് നടൻ ദേവൻ.
കേരള ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രവർത്തിക്കാൻ ബിജെപിയിൽ ഇടം കിട്ടുന്നില്ല.
രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഫോൺകോളിനോ മെസേജിനോ പ്രതികരിക്കുക പോലും ചെയ്യുന്നില്ല. തന്നെ വൈസ് പ്രസിഡന്റ് പദത്തിൽനിന്നു മാറ്റിയിട്ട് അതൊന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും ദേവൻ വ്യക്തമാക്കി.
ബിജെപിയിൽനിന്നു രാജി വയ്ക്കാനുള്ള സാഹചര്യത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നല്ല ഈ തീരുമാനം എടുത്തതെന്നും അഞ്ചാറു മാസമായി തന്റെയുള്ളിലുള്ള കാര്യമാണിതെന്നും ദേവൻ പറഞ്ഞു.
“എനിക്ക് ബിജെപിയോട് ഒരു അഭിപ്രായവ്യത്യാസവുമില്ല. പക്ഷേ കേരള ബിജെപിയുമായി എനിക്കൊരുപാട് അഭിപ്രായവ്യത്യാസങ്ങളുണ്ട്.
എന്റെ ‘ലൈൻ ഓഫ് രാഷ്ട്രീയം’ ആയി എനിക്കു തോന്നിയില്ല.” 2021 ൽ തന്റെ പാർട്ടി ബിജെപിയുമായി ലയിച്ച സമയത്ത് കുറെ കാര്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും നടപ്പിലാക്കാൻ അവർക്കു താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും ഇതിനൊപ്പം നിന്നു.
കാരണം ചേർന്ന സ്ഥിതിക്ക് പരമാവധി സത്യസന്ധമായും ആത്മാർഥമായും പ്രവർത്തിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും സജീവമായി നിന്നു.
2023 ൽ തന്ന വൈസ് പ്രസിഡന്റ് സ്ഥാനം 2024 ൽ തിരിച്ചെടുത്തു. പക്ഷേ അത് ഇതുവരെ അറിയിച്ചിട്ടില്ല.
എങ്കിലും പ്രതികരിച്ചില്ല. അതിനുശേഷം വന്ന തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിലൊക്കെ പങ്കെടുത്തു.
എന്നാൽ ഇങ്ങനെ പോയിട്ടു കാര്യമില്ലെന്ന് തോന്നി. അവരൊരു സ്പേസ് തരുന്നില്ല.
വർക്ക് ചെയ്യാൻ സ്പേസ് വേണ്ടേ, അതു കിട്ടുന്നില്ല. കഴിഞ്ഞ നാലഞ്ചു മാസമായി ഇതിനെപ്പറ്റി ആലോചിക്കുകയായിരുന്നു.
ഇതു ചർച്ച ചെയ്യാൻ രാജീവ് ചന്ദ്രശേഖർനെ ഫോൺ ചെയ്തു. അദ്ദേഹം ഫോൺ എടുക്കില്ല.
മെസേജ് അയച്ചിട്ട് അതിനും മറുപടിയില്ല. ഇങ്ങനെ എടുക്കാതിരിക്കുന്നതിന്റെ അർഥം തന്നെ വേണ്ട
എന്നാണല്ലോ. ആവശ്യമുണ്ടെങ്കിൽ വിളിക്കില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
നേരത്തെ പ്രൊപ്പഗന്റ സെക്രട്ടറി, കേരള സ്റ്റേറ്റ്, ഇൻഡിപെൻഡന്റ് ചാർജ് എന്നിവ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തന്നില്ല. കാരണം ചോദിച്ചിട്ട് പറയുന്നില്ല.
ദേശീയ നേതാക്കളെക്കണ്ടു സംസാരിക്കാൻ ശ്രമിച്ചിട്ട് മാസങ്ങളായിട്ടും നടക്കുന്നില്ല. അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല.
ഒരു സിനിമാ നടനായി രാഷ്ട്രീയത്തിൽ വന്നതല്ല, രാഷ്ട്രീയക്കാരനായി സിനിമയിൽ വന്നതാണ്. അതിനാൽ നാടിനു വേണ്ടി മാറ്റി വെച്ച സമയം പാഴാക്കാൻ പറ്റില്ല.
രണ്ടുമാസം മുൻപു തന്നെ തീരുമാനം എടുത്തു. അതിനുശേഷവും അത്യാവശ്യമായി കാണണം എന്ന് ആവശ്യപ്പെട്ടിട്ടും മറുപടി ഉണ്ടായില്ലെന്ന് ദേവൻ വ്യക്തമാക്കി.
തൃശൂർകാരനായ തനിക്ക് സുരേഷ് ഗോപിയുമായി അടുപ്പമുണ്ടോ എന്ന ചോദ്യത്തിന്, അതിന്റെ ആവശ്യമില്ലെന്നും സുരേഷ് ഗോപിയല്ല തന്നെ കൊണ്ടുവന്നത് അതിനാൽ അദ്ദേഹവുമായി സംസാരിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മറുപടി.
ഫണ്ട് വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രാജിക്ക് ശേഷം വാർത്താസമ്മേളനം വിളിക്കുന്നുണ്ടെന്നായിരുന്നു പ്രതികരണം. രാജി പ്രഖ്യാപിച്ച ശേഷം നേതാക്കളല്ലെങ്കിലും ബിജെപിയിൽ തന്നോട് താൽപര്യമുള്ള കുറെ ആൾക്കാർ വിളിച്ചിട്ട് വിഷമങ്ങൾ ചോദിക്കുന്നുണ്ട്.
ഭാവി പരിപാടിയെക്കുറിച്ച് സംസാരിക്കുമ്പോൾ, 2004 ൽ ഉണ്ടാക്കിയ കേരള പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ടുപോകുമെന്നും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്കും പോകില്ലെന്നും ദേവൻ വ്യക്തമാക്കി. നിലവിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും വിശ്വാസമില്ല.
കേരള പീപ്പിൾസ് പാർട്ടി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുമാളായി അതിന്റെ പ്രവർത്തനങ്ങളിലാണ്. ഒറ്റയ്ക്കു നിൽക്കാനാണ് തീരുമാനമെന്നും തുടർന്ന് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

