കണ്ണൂർ ജില്ലയിലെ പാനൂരിൽ ഗെസ്റ്റ് ലക്ചററായിരുന്ന ആദിത്യ അനിൽകുമാറിന്റെ (28) മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്തായ പന്ന്യന്നൂർ മനേക്കര മാത്തന്റവിട ശരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദിത്യയെ ശരൺ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കഴിഞ്ഞ 8-ാം തീയതി തലശ്ശേരി ബസ് സ്റ്റാൻഡിൽ വെച്ച് ശരൺ തന്നെ മർദിച്ചുവെന്ന് ആദിത്യയുടെ മാതാവ് പി.പി.ഉദയ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
മർദനമേറ്റതിലുള്ള മനോവിഷമമാണ് ആദിത്യയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രതിയായ ശരൺ പൊലീസിന് നൽകിയ മൊഴി പ്രകാരം, യുവതിയുടെ സൗഹൃദങ്ങളെ സംശയിച്ചതിനെത്തുടർന്ന് കഴിഞ്ഞ 8-ാം തീയതി തലശ്ശേരിയിൽ വെച്ച് ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തിരുന്നു.
കൂടാതെ, ആദിത്യയെ ബന്ധുക്കൾക്കിടയിൽ മോശമായി ചിത്രീകരിക്കുന്നതിനായി ഫോൺ സന്ദേശങ്ങൾ അയച്ചതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. 10 മാസം മുൻപ് വിവാഹാലോചനയ്ക്കിടെ പരിചയപ്പെട്ട
ഇവർ, വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് രഹസ്യമായാണ് സൗഹൃദം തുടർന്നിരുന്നത്. കഴിഞ്ഞ 14-ാം തീയതി വള്ളങ്ങാട്ടെ വീട്ടിൽ ആദിത്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ചികിത്സയിലിരിക്കെ 18-ാം തീയതി വൈകിട്ടോടെ മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
കേസിൽ പൊലീസ് ഇൻസ്പെക്ടർ പി.കെ.ജിതേഷ്, എസ്ഐമാരായ മുഹമ്മദ് സജീർ, മറിയ പ്രിൻസ്, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

