പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൽ അന്തേവാസികൾക്ക് നേരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
കുട്ടികളെയും പ്രായമായവരെയും ഒരുപോലെ മർദിക്കുകയും അവശ്യമായ ഭക്ഷണമോ മരുന്നോ നൽകാതെ ദ്രോഹിക്കുകയും ചെയ്യുന്നതായി ഇവർ വ്യക്തമാക്കുന്നു. അണക്കര സ്വദേശിയായ 17കാരനെ ചെയ്യാത്ത കുറ്റത്തിനാണ് മർദിച്ചതെന്ന് മുൻ ജീവനക്കാരി ആരോപിക്കുന്നു.
“പ്രായഭേദമന്യേ എല്ലാവരെയും ഉപദ്രവിക്കാറുണ്ട്. നല്ല ഭക്ഷണമില്ല.
സമയത്തിന് മരുന്ന് നൽകില്ല. പല കാരണം പറഞ്ഞാണ് 17കാരനെ ഉപദ്രവിച്ചത്.
അങ്ങനൊരു തെറ്റ് ഈ കൊച്ച് ചെയ്തിട്ടില്ല. ഉപദ്രവിക്കുന്നത് തങ്ങൾ കണ്ടിട്ടില്ല.
മുറിയിൽ പൂട്ടിയിട്ടായിരുന്നു ഉപദ്രവം. ഒരുപാട് ഉപദ്രവിച്ചു.
മുൻപും ഉപദ്രവം ഉണ്ടായിട്ടുണ്ട്. താൻ ചെന്നതിന് ശേഷം അത് ആദ്യ സംഭവമായിരുന്നു.
വീട്ടിൽ വിളിച്ച് പറയണമെന്ന് പറഞ്ഞതിനെ തുടർന്ന് താനാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. പിറ്റേദിവസം അമ്മ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം തനിക്ക് ഭീഷണി നേരിട്ടു.
ഇതിൻ്റെ പേരിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ കുടുക്കുമെന്ന് പാസ്റ്റർ പറഞ്ഞു. അക്കാര്യം എഴുതി വാങ്ങിയശേഷമാണ് തന്നെ പറഞ്ഞുവിട്ടത്” എന്ന് ഇവർ പറഞ്ഞു.
അതികഠിനമായ മർദനത്തെത്തുടർന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന കുട്ടിയെ പാസ്റ്ററുടെ വീടുപണി നടക്കുന്ന സ്ഥലത്ത് കല്ലും മണ്ണും ചുമക്കാൻ നിർബന്ധിച്ചതായും വിവരമുണ്ട്. സ്ഥാപനത്തിലെ പ്രായമായവരുടെ പെൻഷൻ തുക തട്ടിയെടുത്ത ശേഷം ചികിത്സയോ ഭക്ഷണ സൗകര്യങ്ങളോ നൽകുന്നില്ലെന്നും ആരോപണമുണ്ട്.
സിജോ, ബെന്നി എന്നിവരാണ് മർദനത്തിന് നേതൃത്വം നൽകുന്നതെന്ന് വ്യക്തമാക്കിയ ജീവനക്കാരി, സിജോ ഇതിനകം നാല്പതോളം കേസുകളിൽ പ്രതിയാണെന്നും കൂട്ടിച്ചേർത്തു. മർദനമേറ്റ 17കാരന്റെ അമ്മ പൊലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ നിർണായക തെളിവുകൾ ലഭിച്ചതായി സിഡബ്ല്യുസി (CWC) അറിയിച്ചു. “കുട്ടികളെ മർദിക്കുന്നത് നേരിട്ട് കണ്ട
അന്തേവാസികൾ മൊഴി നൽകി. സ്ഥാപനത്തിൽ നിയമവിരുദ്ധമായി ആളുകളെ പാർപ്പിച്ചതായി കണ്ടെത്തി.
17കാരൻ്റെ ശരീരത്തിൽ മുറിവുണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചു. വേതനം നൽകാതെ ജോലി ചെയ്യിപ്പിച്ചുവെന്ന് കുട്ടികളും മൊഴി നൽകി.
ഇനിയൊരു അമ്മയെയും കുഞ്ഞിനെയും കണ്ടെത്താനുണ്ട്” എന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ലീന കെ സുഭാഷ് വ്യക്തമാക്കി.
പഠനവും ജോലിയും വാഗ്ദാനം ചെയ്താണ് ഇടുക്കി അണക്കര സ്വദേശിയായ 17കാരനെ ഈ സ്ഥാപനത്തിൽ എത്തിച്ചത്. സംഭവത്തിൽ ഇലവുംതിട്ട
പൊലീസ് അന്വേഷണം ശക്തമാക്കുകയും ഗുരുതരമായ വകുപ്പുകൾ ചുമത്താൻ നടപടി സ്വീകരിക്കുകയും ചെയ്തു. കേസിലെ പ്രതികളായ മാനേജരും ജീവനക്കാരും നിലവിൽ ഒളിവിലാണ്.
വിഷയത്തിൽ വിശദീകരണം നൽകാൻ സ്ഥാപന നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം ഇന്ന് മാധ്യമങ്ങളെ കാണും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

