മൂന്നാർ ടൗണിലെ ഗതാഗത തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ദേവികുളം ആർഡിഒ ഓഫിസിൽ ഒരാഴ്ച മുൻപ് ആവിഷ്കരിച്ച ഗതാഗത പരിഷ്ക്കാരങ്ങൾ കർശനമായി നടപ്പാക്കാൻ സർവകക്ഷി യോഗത്തിൽ ധാരണയായി. വെള്ളിയാഴ്ച ഡിവൈഎസ്പി ഓഫിസിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡൻ്റുമാർ, പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ-വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഡിവൈഎസ്പി എസ്.ചന്ദ്രകുമാർ, എസ്എച്ച്ഒ ജെ.ബിനോദ് കുമാർ, എസ്ഐ റോയി വർഗീസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.എസ്.ജോർജ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ഈ മാസം 30-നകം ഗതാഗത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് പൊലീസ് സംരക്ഷണയിൽ ചുമതല കൈമാറി.
ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റിക്കറുകൾ പതിപ്പിക്കുന്നതും, ഗൈഡുകൾക്ക് ലൈസൻസ് അനുവദിക്കുന്നതും സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി പ്രത്യേക ചർച്ചകൾ നടത്തി സമവായത്തിൽ എത്താനും തീരുമാനിച്ചു. മൂന്നാർ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വിജയകുമാർ യോഗത്തിൽ അറിയിച്ചതനുസരിച്ച്, ഓഗസ്റ്റ് ഒന്ന് മുതൽ തിരക്കുള്ള ദിവസങ്ങളിലും അവധി ദിനങ്ങളിലും വലിയ ബസുകൾ പഴയ മൂന്നാറിൽ നിർത്തിയിടണം.
തുടർന്ന് സഞ്ചാരികളെ ചെറുവാഹനങ്ങളിൽ മാത്രമായിരിക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുക. ടൂറിസ്റ്റുകളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് തടയുന്നതിനായി പ്രീപെയ്ഡ് കൗണ്ടറുകൾ സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

