കാലവർഷം ശക്തിപ്രാപിക്കും മുൻപേ തന്നെ കാസർകോട് ജില്ലയിൽ മണ്ണിടിച്ചിലും സംരക്ഷണഭിത്തികൾ തകരുന്നതും പതിവാകുന്നത് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. അഡൂർ പൊനോരത്ത് പുതുതായി നിർമിച്ച വീടിന്റെ സംരക്ഷണഭിത്തി തകർന്നുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചതിന്റെ ആഘാതത്തിലാണ് നാട്.
പ്രാഥമിക പരിശോധനയിൽ, ഭിത്തി നിർമാണത്തിലെ സാങ്കേതിക പിഴവുകളും അശാസ്ത്രീയതയുമാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സമാനമായ അപകടങ്ങൾ മറ്റ് പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഈ മാസം 5ന് ഉച്ചയ്ക്ക് 2.15ന് കാഞ്ഞങ്ങാട്ട് സ്കൂളിനോട് ചേർന്ന് നിർമാണത്തിലിരുന്ന 10 മീറ്റർ ഉയരമുള്ള കൂറ്റൻ സംരക്ഷണഭിത്തി നിലംപൊത്തിയിരുന്നു. കൂടാതെ, ഉപ്പള, കാറഡുക്ക കർമംതോട് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഭിത്തി തകർന്നുവീണു.
ഭാഗ്യം കൊണ്ട് മാത്രമാണ് ഈ സ്ഥലങ്ങളിൽ വലിയ ദുരന്തങ്ങൾ ഒഴിവായത്. തുടർച്ചയായ മഴയെത്തുടർന്ന് കുമ്പള കഞ്ചിക്കട്ട
ദുർഗാംബ റോഡിലെ കെ.വി.സുരേഷിന്റെ വീടും അപകടാവസ്ഥയിലാണ്. തിങ്കളാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിൽ വീടിന്റെ മതിൽ പൂർണമായും തകർന്നു.
മതിലിനുള്ളിൽ നിറച്ചിരുന്ന മണ്ണ് ഒലിച്ചുപോയതോടെയാണ് വീട് അപകടഭീഷണിയിലായത്. നിർമാണ രീതികളിലെ ശ്രദ്ധ
ഭൂപ്രകൃതിയുടെ ചെരിവ് അനുസരിച്ച് വിവിധ രീതിയിലാണ് സംരക്ഷണഭിത്തികൾ നിർമിക്കുന്നത്.
ചെലവ് കുറഞ്ഞ രീതി എന്ന നിലയിൽ ചെങ്കല്ലും മണ്ണും ഉപയോഗിക്കുന്ന സമ്പ്രദായമാണ് പലരും സ്വീകരിക്കുന്നത്, എന്നാൽ ഇതിന് പരിമിതമായ ഉയരമേ സാധ്യമാകൂ. കോൺക്രീറ്റ് തൂണുകളും ബീമുകളും ഉപയോഗിച്ചുള്ള നിർമാണം, ഉരുളൻ ചെങ്കല്ലുകൾ ഉപയോഗിച്ചുള്ള രീതി, കരിങ്കല്ല് കൊണ്ടുള്ള നിർമാണം എന്നിവയാണ് മറ്റ് മാർഗങ്ങൾ.
കരിങ്കല്ലും കമ്പിയും സിമന്റും ഉപയോഗിച്ചുള്ള ബലമുള്ള നിർമാണരീതികൾക്ക് ചെലവ് കൂടുതലായതിനാൽ പലരും ചെലവ് കുറഞ്ഞ രീതികളിലേക്ക് മാറുന്നു, ഇതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. എൻജിനീയർമാരുടെ മുന്നറിയിപ്പ്
രണ്ട് മീറ്ററിൽ കൂടുതൽ ഉയരത്തിൽ സംരക്ഷണഭിത്തി നിർമിക്കുമ്പോൾ മണ്ണ് ഒരുമിച്ച് നിറയ്ക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഘട്ടംഘട്ടമായി മണ്ണ് നിറയ്ക്കുന്നതും ഭിത്തി തട്ടുകളായി തിരിച്ച് നിർമിക്കുന്നതും സുരക്ഷിതമാണ്. ഒരുമിച്ച് മണ്ണ് നിറയ്ക്കുമ്പോൾ മഴവെള്ളം കുതിച്ചുകയറി മണ്ണ് പുറത്തേക്ക് തള്ളുകയും ഭിത്തിയുടെ ബലം നഷ്ടപ്പെടുകയും ചെയ്യുന്നതാണ് തകർച്ചയ്ക്ക് കാരണമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

